ആത്മപരിശോധനയ്ക്കു സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നു സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍

single-img
29 April 2017

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന് ശേഷം സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്രിവാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ആത്മപരിശോധനക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി വന്‍ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മിക്ക് കഴിഞ്ഞുവെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണ് ആം ആദ്മി. ഗോവ, പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം നേടാമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും നിരാശയായിരുന്നു ഫലം.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 181 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 വാര്‍ഡുകള്‍ മാത്രമേ എ.എ.പിക്ക് ലഭിച്ചിരുന്നുള്ളൂ. അതോടെ എ.എ.പിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകരടക്കം രംഗത്ത് വന്നിരുന്നു. ആകെ 272 വാര്‍ഡുകളാണ് ഡല്‍ഹി കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ളത്.