ബലാത്സംഗത്തിന് ഇരയായ മകളെ ക്ലാസിലേക്ക് അയക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍; മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസയച്ചു

single-img
28 April 2017

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ മകളെ ക്ലാസിലേക്ക് അയക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി മാതാപിതാക്കള്‍. വിദ്യാര്‍ത്ഥിനി പഠിക്കാന്‍ വന്നാല്‍ അത് സ്ഥാപനത്തിന് മാനക്കേടാകുമെന്ന കാരണം പറഞ്ഞാണ് സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ പ്രതിഷേധാര്‍ഹമായ നടപടി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസയച്ചു.

മകള്‍ ക്ലാസില്‍ വന്നാല്‍ സ്‌കൂളിന്റെ പ്രതാപം നശിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥിനിയുടെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും സ്‌കൂള്‍ പറഞ്ഞിരുന്നതായി വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു.

ക്ലാസില്‍ വരാതിരുന്നാല്‍ മാത്രമേ പതിനൊന്നാം ക്ലാസിലേക്ക് ജയിപ്പിച്ച് വിടുകയുള്ളൂ എന്ന ഉപാധിയും സ്‌കൂള്‍ അധികൃതര്‍ തങ്ങള്‍ക്ക് മുന്നില്‍ വെച്ചെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. വിദ്യാര്‍ത്ഥിനിയുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍, സ്‌കൂളിന്റെ പേര് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ മാതാപിതാക്കളുടെ പരാതിയോടുള്ള സ്‌കൂളിന്റെ പ്രതികരണം ലഭ്യമല്ല.

തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനി സ്വന്തം നിലയ്ക്ക് സ്‌കൂള്‍ പഠനം നിര്‍ത്തട്ടെ എന്ന ലക്ഷ്യമിട്ട് സ്‌കൂള്‍ അധികൃതര്‍ നിരന്തരം കുട്ടിയെ ശല്യം ചെയ്തിരുന്നു. മകളുടെ അടുത്തിരിക്കാന്‍ സഹപാഠികളെ പ്രിന്‍സിപ്പല്‍ അനുവദിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു. സ്‌കൂള്‍ ബസ്സില്‍ കയറാനും അനുവദിച്ചിരുന്നില്ല. സ്‌കൂളില്‍ നിന്നും ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ മകളെ ചേര്‍ത്തണമെന്ന് മാതാപിതാക്കളോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.

ഒരു തെറ്റും ചെയ്യാതെയാണ് പെണ്‍കുട്ടിയെ ക്രൂശിക്കുന്നത്. വളരെ വിഷമകരവും അസ്വീകാര്യവുമാണ് സ്‌കൂളിന്റെ പ്രവൃത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. വിവാദ സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഡി.ഇ.ഒ വിശദീകരണം നല്‍കണം.