മാവോയിസ്റ്റ് ആക്രമണത്തില്‍ അച്ഛനെ നഷ്ടപ്പെട്ട ജവാന്‍മാരുടെ മക്കള്‍ക്ക് അറിവിനായി പടവെട്ടാന്‍ കരുത്തേകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍

single-img
28 April 2017

മാവോയിസ്റ്റ് ആക്രമണത്തില്‍ അച്ഛനെ നഷ്ടപ്പെട്ട ജവാന്‍മാരുടെ മക്കള്‍ക്ക് അറിവിനായി പടവെട്ടാന്‍ കരുത്തേകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് തന്റെ ഫൗണ്ടേഷന്‍ വഹിക്കുമെന്ന് ഗൗതം ഗംഭീര്‍. ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചെന്നും ഗംഭീര്‍ പറഞ്ഞു.

ബുധനാഴ്ച്ച രാവിലെ പത്രം നോക്കിയപ്പോള്‍ സുഖ്മയില്‍ കൊല്ലപ്പെട്ട രണ്ട് സിആര്‍പിഎഫ് ജവാന്‍മാരുടെ പെണ്‍മക്കളുടെ മനസ്സിനെ ഉലയ്ക്കുന്ന ചിത്രമാണ് കണ്ടത്. ഒരു ചിത്രത്തില്‍ ഒരാള്‍ രക്തസാക്ഷിയായ അച്ഛന് സല്യൂട്ട് നല്‍കുന്നു. വാവിട്ടു കരയുന്ന യുവതിയെ ബന്ധു ആശ്വസിപ്പിക്കുന്നതായിരുന്നു മറ്റൊരു ചിത്രത്തില്‍ അതേറെ വിഷമിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. ജവാന്‍മാരുടെ മക്കളുടെ ചിത്രസഹിതമുള്ള മാവോയിസ്റ്റ് ആക്രമണ വാര്‍ത്തയുടെ ക്ലിപ്പുകള്‍ നേരത്തെ ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു. ‘ എയര്‍ കണ്ടീഷന്റെ ഇല്ലാത്തതിലും എസ്‌യുവിന്റെ വലുപ്പത്തെ ചൊല്ലിയും പരാതി പെടുന്ന നാം രക്തസാക്ഷികളായ സിആര്‍പിഎഫ് ജവാന്‍മാരുടെ പെണ്‍മക്കളുടെ ഭാവിയെ കുറിച്ച് ആലോചിക്കണം’. 25 സിആര്‍പിഎഫ് ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി. അവരുടെ ജീവത്യാഗം നാം അര്‍ഹിക്കുന്നുണ്ടോ എന്ന് ചില സമയങ്ങളില്‍ ഞാന്‍ അശ്ചര്യപ്പെടുകയാണ്’ എന്നീ അടിക്കുറിപ്പുകളോടെ ആയിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരോടുള്ള ആദരസൂചകമായി ബുധനാഴ്ച്ച റൈസിങ് പൂണെ സൂപ്പര്‍ഗെയിന്റിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കറുത്ത ബാന്‍ഡ് കയ്യില്‍ കെട്ടിയാണ് കളത്തില്‍ ഇറങ്ങിയിരുന്നത്. ഛത്തീസ്ഡില്‍ നടന്ന സംഭവത്തിന് ശേഷം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ഏറെ പ്രയാസകരമായിരുന്നുവെന്ന് ഗംഭീര്‍ പറയുന്നു. ഒരു ക്രിക്കറ്റ് മത്സരത്തില്‍ തോല്‍ക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് രാജ്യത്തെ സേവിക്കുന്ന പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദനയെന്നും ഗംഭീര്‍ കൂട്ടിചേര്‍ത്തു.