മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നതായി വിഎസ് അച്യുതാനന്ദന്‍

single-img
28 April 2017

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ ആരോപിച്ചു. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കയ്യേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.

പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെയും കയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതെന്നും വിഎസ് ചൂണ്ടികാണിച്ചു. ലക്കും ലഗാനുമില്ലാത്ത കയ്യേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. 2006 ലെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. പണാധിപത്യത്തിന്റെ മുഷ്‌കില്‍ ഇപ്പോഴും കയ്യേറ്റം തുടരുകയാണെന്നും വിഎസ് പറഞ്ഞു.

ജാതിയുടേയും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ കയ്യേറ്റങ്ങള്‍ക്ക് മറയിടാന്‍ അനുവദിക്കരുതെന്നും വിഎസ് പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കവയത്രി സുഗതകുമാരി എന്നിവരും പങ്കെടുത്തു.