സൗമ്യ വധക്കേസിലെ തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്നുണ്ടായേക്കും

single-img
28 April 2017

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തില്‍ ആറംഗബഞ്ച്, ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവ് ചെയ്തിരുന്നു.

നേരത്തെ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പന്ത്, യു യു ലളിത് എന്നിവര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ ചലമെശ്വര്‍ എന്നിവരടങ്ങിയ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. കേസ് കേട്ട ആറ് ജഡ്ജിമാരും ഒപ്പിട്ട ശേഷമേ വിധി സുപ്രിം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. അതിനാലാണ് ഇന്നലെ വിധി പ്രസ്താവന പുറത്തുവരാന്‍ വൈകിയതെന്നാണ് സൂചന.