സൗമ്യ വധക്കേസിൽ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി; സംശയത്തിന്റെ ആനുകൂല്യം ഗോവിന്ദച്ചാമിയ്ക്കു തുണയായി, കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല

single-img
28 April 2017

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നേതൃത്വത്തിലുള്ള ആറംഗബെഞ്ച് ചേമ്പറിലാണ് ഹര്‍ജി പരിഗണിച്ചത്. ജഡ്ജിമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവര്‍ക്കുപുറമേ നേരത്തേ കേസ് പരിഗണിച്ച രഞ്ജന്‍ ഗൊഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിയായിരുന്നു വധശിക്ഷ സുപ്രാം കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്.കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ ബലാത്സംഗത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. 397ാം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കല്‍ 447ാം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളില്‍ ഏതാനും മാസങ്ങളുടെ ശിക്ഷ മാത്രമെ ഗോവിന്ദച്ചാമിക്ക് കോടതി നല്‍കിയിട്ടുള്ളൂ.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് വാദത്തിനിടെ പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ തള്ളിയിടാന്‍ സാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.