സെന്‍കുമാറിനെ ഡിജിപിയാക്കിയാല്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് എന്തുപദവി നല്‍കുമെന്ന കാര്യത്തില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

single-img
28 April 2017

തിരുവനന്തപുരം: സെന്‍കുമാറിനെ ഡിജിപിയാക്കിയാല്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് എന്തുപദവി നല്‍കുമെന്ന കാര്യത്തില്‍ നിയമോപദേശം തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കണമെന്നും പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന നിയമ സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാതെ മറ്റ് നിയമ സാധ്യതകള്‍ കൂടി പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടിയത്. സെന്‍കുമാറിന് അനുകൂലമായ വിധിയില്‍ ഭേദഗതിയോ വ്യക്തതയോ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കണമോ എന്നാണ് സര്‍ക്കാര്‍ ആരാഞ്ഞത്.

സെന്‍കുമാറിനെ ഡിജിപിയായി പുനര്‍ നിയമിക്കണമെന് വ്യക്തമാക്കുന്ന ഉത്തരവില്‍ ലോക്‌നാഥ് ബെഹ്‌റയെ എന്തുചെയ്യണമെന്നു പറഞ്ഞിട്ടില്ല. കേസില്‍ എതിര്‍ കക്ഷിയായിരുന്നിട്ടും ബെഹ്‌റയുടെ നിയമനത്തെ പറ്റി കോടതി പറയാത്തത് ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

കോടതി റദ്ദാക്കിയ ജൂണ്‍ ഒന്നിലെ ഉത്തരവിലാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. അതേ ഉത്തരവിലാണ് ശങ്കര്‍ ഡയറക്റ്റര്‍ ചുമതലയില്‍ നിന്ന് മാറ്റിയതും. ഉത്തരവ് ബെഹ്‌റയ്ക്കും സെന്കുമാറിനും മാത്രമാണ് ബാധകമെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു നിയമനങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്നും സര്‍ക്കാര്‍ സാല്‍വേയോട് ആരാഞ്ഞു. വിധിയില്‍ വ്യക്തത വരുത്താന്‍ എന്ന പേരില്‍ നിയമനം വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.