എന്നെ വെല്ലുവിളിച്ചവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്; ഡല്‍ഹി ഞങ്ങള്‍ പിടിക്കും-മമതാ ബാനര്‍ജി

single-img
28 April 2017

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടക്കുമെന്ന ബിജെപി വിരട്ടലില്‍ പേടിയ്ക്കുന്ന ആളല്ല താനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ആരോപണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും മറുപടി നല്‍കുകയായിരുന്നു മമത.

എന്തിനാണ് നിങ്ങള്‍ തൃണമൂലിനെ ഭയക്കുന്നത്? കാരണം നിങ്ങള്‍ക്കറിയാം, വരും ദിനങ്ങളില്‍ തൃണമൂല്‍ അധികാരം പിടിക്കുമെന്നത് തന്നെ. എന്നെ വെല്ലുവിളിച്ചവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. ഡല്‍ഹി ഞങ്ങള്‍ പിടിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വിരട്ടാനാണ് ബിജെപിയുടെ ശ്രമം. അതിനായി ഡല്‍ഹിയില്‍ നിന്നും ബംഗാളില്‍ വന്ന് നുണ പറയുന്നു. ബംഗാളില്‍ അധികാരം പിടിച്ചെടുക്കാനുള്ള തിടുക്കത്തിലാണ് ബിജെപി. ഗുജറാത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല. പക്ഷെ ബംഗാളിലാണ് അവരുടെ കണ്ണെന്നും മമത കൂട്ടിചേര്‍ത്തു.

അമിത് ഷാ ബൂത്ത് തലത്തില്‍ നടത്തിയ സംവാദങ്ങളേയും ചേരികള്‍ സന്ദര്‍ശിച്ചതിനേയും മമത വിമര്‍ശിച്ചു. രാവിലെ അവര്‍ ചേരികളില്‍ പോകും. രാത്രി അത്താഴം കഴിക്കുന്നത് പഞ്ച നക്ഷത്ര ഹോട്ടലുകളിലും. അതാണ് അവരുടെ ഇരട്ടത്താപ്പ്. എല്ലാ ദിവസവും ചേരികളില്‍ പോകുന്ന ആളാണ് ഞാന്‍. ദരിദ്രരരെ ദരിദ്രരെന്ന് വിളിക്കുന്നത് ശരിയല്ല. ദരിദ്ര വിഭാഗങ്ങളെ ഞാന്‍ ബഹുമാനിക്കുന്നെന്നും മമതാ ബാനര്‍ജി പറയുന്നു.

ബിജെപിയ്ക്ക് വേരോട്ടമില്ലാത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അമിത് ഷായുടെ പതിനഞ്ച് ദിന പര്യടനത്തിന് ബംഗാളിലായിരുന്നു തുടക്കം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍കണ്ട് പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം.

2019ല്‍ ബിജെപിയെ അധികാരത്തിലേറ്റിയാല്‍ ബംഗാളിനെ വികസന പാതയില്‍ എത്തിക്കുമെന്നായിരുന്നു സംസ്ഥാനത്ത് സന്ദര്‍ശനം നടത്തവെ അമിത് ഷാ പറഞ്ഞിരുന്നത്. പ്രീണന രാഷ്ട്രീയമാണ് മമതയുടേത്. തൃണമൂല്‍ ഭരണത്തില്‍ തൊഴിലില്ലായ്മയും അക്രമവും വര്‍ധിച്ചു. ബംഗാളില്‍ കണ്ട അത്ര ദാരിദ്ര്യം എവിടേയും താന്‍ കണ്ടിട്ടില്ല. നരേന്ദ്ര മോഡി എല്ലാത്തിനും പരിഹാരമുണ്ടാക്കും. ബംഗാളിനെ വീണ്ടും സുവര്‍ണ്ണ ബംഗാളാക്കും. ബിജെപിയില്ലാതെ ബംഗാളിലെ വികസനം അസാധ്യമാണെന്നും ഷാ പറഞ്ഞുവെച്ചു.