രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രിയ്ക്ക് അധികാരമില്ല; ചികിത്സാ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷണം

single-img
27 April 2017

ഡല്‍ഹി: ആശുപത്രി ബില്‍ അടക്കാത്തിന്റെ പേരില്‍ ഇനി രോഗികളെ തടഞ്ഞു വെക്കില്ല. ചികിത്സാ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

മുന്‍ മധ്യപ്രദേശ് പൊലീസുകാരനായ അച്ഛനെ ബില്‍ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ സിര്‍ ഗംഗാ റാം ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രിയ്ക്ക് അധികാരമില്ല. ഇങ്ങനെയല്ല ആശുപത്രികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി താക്കീത് നല്‍കി. ബില്‍ അടയ്ക്കാനുണ്ടെങ്കില്‍ രോഗികളെ പിടിച്ചുവെച്ചല്ല പണം വാങ്ങേണ്ടത്. ഈ പ്രവൃത്തിയെ കോടതി അപലപിക്കുന്നെന്ന് കോടതി സിര്‍ ഗംഗാ റാം ആശുപത്രിയോട് പറഞ്ഞു. രോഗിയുടെ ഡിസ്ചാര്‍ജ് സമ്മറി എത്രയും വേഗത്തില്‍ തയ്യാറാക്കി മകനൊപ്പം പറഞ്ഞയക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനടി എടുക്കണമെന്നും കോടതി ആശുപത്രിയോട് ആവശ്യപ്പെട്ടു.

ഉദര സംബന്ധമായ അസുഖത്താല്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഫെബ്രുവരിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തിക്കായി ഇയാള്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. 13.45 ലക്ഷം രൂപയാണ് ആശുപത്രി നല്‍കിയ ചികിത്സാ ബില്‍. ബില്‍ അടയ്ക്കാത്തതിനാല്‍ അച്ഛന് ആവശ്യമായ ചികിത്സ ആശുപത്രി നല്‍കിയിരുന്നില്ലെന്നും മകന്‍ ആരോപിച്ചിരുന്നു.

അതേസമയം മകന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിയില്‍ നിഷേധിച്ചു. 16.75 ലക്ഷം രൂപയാണ് ചികിത്സാ ബില്‍. ഇതില്‍ 3.3 ലക്ഷം രൂപയാണ് രോഗിയുടെ ബന്ധുക്കള്‍ അടച്ചത്. ബില്‍ അടയ്ക്കാതിരുന്നിട്ടും ഏപ്രില്‍ 21ന് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. എന്നാല്‍ ഏപ്രില്‍ 20ന് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി തയ്യാറായതെന്ന് രോഗിയുടെ മകന്‍ കോടതിയില്‍ എതിര്‍വാദം ഉന്നയിച്ചു.