സംസ്ഥാന പോലീസ് മേധാവിയായി ടി.പി.സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് സര്‍ക്കാരിനോട് നിയമവകുപ്പ് സെക്രട്ടറി

single-img
27 April 2017

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി.സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കി. സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ലെന്നും നിയമ സെക്രട്ടറി പി.ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് തന്നെ നടപ്പാക്കണം. സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമ്പോള്‍ വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ് പരിഗണിക്കുക. അത് കൊണ്ട് തന്നെ വിധിയില്‍ മാറ്റം വരാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന കോടതി വിധി വന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്‍.കെ.ജയകുമാറും നിയമ സെക്രട്ടറി പി.ജി.ഹരീന്ദ്രനാഥും വിധി പരിശോധിച്ച് വരികയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.