കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി സുപ്രീം കോടതി; ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി

single-img
27 April 2017

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭേദഗതികള്‍ വരുത്തേണ്ടതുള്ളതിനാലാണ് നിയമനം പ്രാബല്ല്യത്തില്‍ വരുത്താത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീംകോടതി ഇനിയും ഇക്കാര്യത്തില്‍ താമസം വരുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ലോക്പാല്‍ വൈകിപ്പിക്കുന്നത് നീതിയല്ലെന്നും ഉടനടി നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടത്.

2013 ലാണ് ലോക്പാല്‍ നിയമനം അംഗീകരിച്ച് കൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാര്യം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചത്.

2014 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കുന്നതിനു പോലുമുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിനില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ലോക്സഭയിലെ പ്രതിപക്ഷ സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ലോക്പാല്‍ നിയമനത്തിന് കേന്ദ്രത്തോട് നിര്‍ദേശം വെക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന വാദവും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും ഹര്‍ജി പരിഗണിച്ച കോടതി അംഗീകരിച്ചില്ല.

നിയമനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സ്വകാര്യ സന്നദ്ധ സംഘടനയാണ് ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ് കോടതിയില്‍ ഹാജരായത്. നിലവിലെ സാഹചര്യത്തില്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കാനാവില്ലെന്ന് കോടതിയില്‍ വാദിച്ചെങ്കിലും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് ഇത് അംഗീകരിച്ചില്ല.