സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍; കഴിഞ്ഞ സർക്കാരിന്റെ മദ്യനയം മൂലം മദ്യോപഭോഗത്തിൽ കുറവു വന്നതായി യാതൊരു കണക്കുകളുമില്ല

single-img
27 April 2017

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വര്‍ധിച്ചതായും അദ്ദേഹം പഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ മദ്യനയത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷം വിനോദ സഞ്ചാര മേഖലയ്ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി വിധിക്കനുസിരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യ ഉപഭോദം കുറയ്ക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം നിയമസഭയുടെ 60ാം വാര്‍ഷികം പ്രമാണിച്ച് പഴയ നിയമസഭാ ഹാളിലാണ് ഇന്ന് നിയമസഭ ചേരുന്നത്.

മദ്യ ഉപഭോഗം കുറയ്ക്കാന്‍ ലൈബ്രറി കൗണ്‍സിലുകള്‍ വഴി ബോധവല്‍ക്കരണം നിലവില്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ കലാ സാസ്‌കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമായ എല്ലാ പ്രചാരണങ്ങളും ഉണ്ടാകും. ഇതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മദ്യ വില്‍പ്പന ശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമ വിധേയമായി മാത്രമെ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.