ജമ്മു കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ സംഭവത്തില്‍ വീരമൃത്യു വരിച്ചു

single-img
27 April 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. കുപ്‌വാരയിലെ പന്‍സ്ഗാം സൈനിക ക്യാമ്പിലാണ് പുലര്‍ച്ചെ നാലു മണിയോടെ ചാവേറാക്രമണം നടന്നത്. ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്നു സൈനികര്‍ സംഭവത്തില്‍ വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചു. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സംശയം. കനത്ത മൂടല്‍മഞ്ഞിന്റെ മറപറ്റിയെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് സൈന്യത്തിന് ഭീകരരെ പ്രതിരോധിക്കാന്‍ സാധിച്ചില്ല എന്നാണ് വിവരം. സൈന്യത്തിനൊപ്പം കശ്മീര്‍ പോലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ സൈന്യം ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൈനിക കേന്ദ്രത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ആറുമാസങ്ങള്‍ക്കുമുമ്പ് ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സൈനിക ക്യാമ്പിന് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. ഉറി ആക്രമണത്തില്‍ 19 സൈനികരായിരുന്നു മരിച്ചത്. ഇതിന് തിരിച്ചടി നടത്താനായി ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്ന് മിന്നലാക്രമണം നടത്തിയിരുന്നു.

അതിനിടെ, സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്ന കശ്മീരില്‍ വിഘടനവാദ വനിതാ നേതാവായ അസിയ അന്ദ്രാബിയെ സുരക്ഷാ സേന അറസ്റ്റു ചെയ്തു. ദുഖ്തരനെ മിലത് എന്ന സംഘടനയുടെ അധ്യക്ഷയാണ് ഇവര്‍.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും മുതിര്‍ന്ന ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കശ്മീരിലെ ക്രമസമാധാന നില വിലയിരുത്താനായി ചേരുന്ന യോഗത്തില്‍, സൈനിക ക്യാംപിലെ ഭീകരാക്രമണവും ചര്‍ച്ചയാകും.