ആരോപണവുമായി വീണ്ടും പാക്കിസ്ഥാൻ; പാക്ക് താലിബാൻ തലവനെ സംരക്ഷിക്കുന്നത് ഇന്ത്യയും അഫ്ഗാനും

single-img
27 April 2017

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ വീണ്ടും രംഗത്ത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്നതിനായി ‘തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന്’ ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹായം നൽകുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ.

കഴിഞ്ഞ ആഴ്ച പിടിയിലായ പാക്ക് താലിബാൻ വിമതവിഭാഗം ജമാത്തുൽ അഹ്‌രറിന്റെ കമാൻഡറും വക്താവുമായ എഹ്സാനുല്ല എഹ്സാന്റെ വെളിപ്പെടുത്തൽ വിഡിയോയിലാണ്. പാക്ക് സൈന്യമാണ് വിഡിയോ പുറത്തുവിട്ടത്. അതേസമയം, എഹ്സാന്റെ വെളിപ്പെടുത്തൽ അഫ്ഗാനിസ്ഥാൻ തള്ളി.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. പാക്കിസ്ഥാനെതിരെ പ്രവർത്തിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയും അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസി എൻടിഎസും സാമ്പത്തിക സഹായം നൽകിയിരുന്നതായി എഹ്സാൻ പറയുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

2014ൽ പാക്ക് സൈന്യം താലിബാന്റെ ശക്തമേഖലയായ ഉത്തര വസ്‌റിസ്ഥാനിൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് എൻഡിഎസും റോയുമായുള്ള ബന്ധം വളർന്നത്. സാമ്പത്തിക സഹായത്തിനു പിന്നാലെ എവിടെ ആക്രമണം നടത്തണമെന്നുള്ള നിർദേശവും അവർ നൽകിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണത്തിന് ടിടിപി പ്രത്യേക പണം ഈടാക്കിയിരുന്നുവെന്നും എഹ്സാൻ വിഡിയോയിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ സുരക്ഷിത സ്ഥാനം ഉറപ്പിക്കുന്നതിനായും റോയും എൻഡിഎസും സഹായം നൽകിയിരുന്നു. പാക്കിസ്ഥാന്റെ പിടികിട്ടാപ്പുള്ളിയായ പാക്ക് താലിബാൻ മേധാവി മുല്ലാ ഫസലുല്ലയെ സംരക്ഷിക്കുന്നത് ഇവരാണെന്നും എഹ്സാൻ വിഡിയോയിൽ ആരോപിക്കുന്നുണ്ട്. വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാക്ക് താലിബാനും ആരോപണത്തിൽ പ്രസ്താവന നടത്തിയി‌ട്ടില്ല.