പേരു കേള്‍പ്പിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കിപ്പോയവര്‍ എല്ലാം മറന്നു; ഒടുവില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഫോട്ടോഗ്രാഫര്‍ താരം മണിക്ക് വീടൊരുങ്ങി

single-img
26 April 2017

തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് സംവിധാനംചെയ്ത മോഹന്‍ലാലിന്റെ ‘ഫോട്ടോഗ്രാഫര്‍’ എന്ന സിനിമയിലൂടെയാണ് മണി 2006ല്‍ അഭിനയ രംഗത്തെത്തിയത്. ഈ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മണിയെ തേടിയെത്തി.പുരസ്‌കാരത്തിനു പിന്നാലെ മണിയെത്തേടി ചുരം കയറിയവരില്‍ പലരും വീട് വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം വെറുതെയായി. മണിക്ക് വീടും സ്ഥലവും ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി. പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ സ്ഥലവും വീടും ലഭ്യമാക്കുമെന്ന് മണിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് മണി സ്ഥലവും വീടും കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല.

എച്ച്.ആര്‍.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണനും പ്രോജക്ട് ഡയറക്ടര്‍ പി. സുദേവനും വൈസ് പ്രസിഡന്റ് സി.വി. വിവേകാനന്ദനും ചേര്‍ന്ന് മണി താമസിക്കുന്ന സ്ഥലത്ത് എത്തി കരാര്‍ ഒപ്പിട്ട് വീടുനിര്‍മാണം തുടങ്ങി. മിനുക്കുപണികളടക്കം പൂര്‍ത്തിയാക്കി വീടിന്റെ കൈമാറ്റം മേയില്‍ത്തന്നെ നടത്താനാണ് സൊസൈറ്റിയുടെ ശ്രമം. കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലവും ഉള്‍പ്പെടുന്നതാണ് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് കൊച്ചുവീടാണെങ്കിലും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്.

ഭൂമികുലുക്കത്തെയും മറ്റു പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കുന്നതിനു ശേഷിയുള്ള പാനലുകളാണ് പ്രധാന നിര്‍മാണ വസ്തു. കല്ലും സിമന്റും കമ്പിയും വളരെ കുറച്ചുമാത്രം ഉപയോഗിച്ചതിനാല്‍ പ്രകൃതി സൗഹൃദവീട് എന്ന പ്രത്യേകതയും ഉണ്ട്. സോളാര്‍ ലൈറ്റും സ്ഥാപിക്കും. വര്‍ഷങ്ങളോളം മസ്‌കറ്റില്‍ ഗള്‍ഫാര്‍ എന്‍ജീനിയറിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന സുദേവന്റെ മേല്‍നോട്ടത്തിലായിരുന്നു ഫൈബര്‍ സിമന്റ് പാനല്‍ ഉപയോഗിച്ചുള്ള വീടുനിര്‍മാണം.