ഏതോ വ്യക്തിയുടെ കല്ലേറില്‍ ചിറകൊടിഞ്ഞു പറക്കാനാകാതെ താഴെ വീണ പരുന്തിന് രക്ഷകരായി പരിസ്ഥിതി- വനം ജീവനക്കാര്‍

single-img
26 April 2017

പാലക്കാട്: നമ്മുക്കൊരുപദ്രവവും ചെയ്യാത്ത മിണ്ടാ പ്രാണികളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂര വിനോദത്തിനിരയായി ചിറകൊടിഞ്ഞു വീണ പരുന്തിനു ശുശ്രൂഷയും സുരക്ഷിതത്വവും ഒരുക്കി പരിസ്ഥിതി വനം ജീവനക്കാര്‍. കഴിഞ്ഞ ദിവസം പെരുവെമ്പ് മന്നത്തുകാവ് ജംഗ്ഷനു സമീപത്തു നിന്നാണ് അവശനിലയിലായിരുന്ന പരുന്തിനെ ജീവനക്കാര്‍ക്കു ലഭിച്ചത്.

സമീപത്തെ മരക്കൊമ്പിലിരിക്കുകയായിരുന്ന പരുന്തിനെ ആരോ കല്ലെടുത്ത് എറിയുകയായിരുന്നു. ചിറകിലാണ് ഏറുകൊണ്ടത്. താഴെവീണ പരുന്ത് പറക്കാനാകാതെ ഒരു ദിവസം മുഴുവന്‍ മരത്തിനുകീഴെ കുറ്റിക്കാട്ടില്‍ കിടന്നു. വഴിയാത്രക്കാരിലൊരാളാണ് വിവരം പരിസ്ഥിതി പ്രവര്‍ത്തകനായ ശ്യാംകുമാര്‍ തേങ്കുറിശിയെ അറിയിക്കുന്നത്. അദ്ദേഹം സ്ഥലത്തെത്തി നോക്കിയെങ്കിലും പരുന്തിനെ കണ്ടെത്തിയില്ല.

അടുത്ത ദിവസം വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൈസൈറ്റി ഓഫ് ഇന്ത്യയുടെ ഓഫീസര്‍ ഗുരുവായൂരപ്പനേയും കൂട്ടി ഇരുവരും വിശദമായ തെരച്ചില്‍ നടത്തി. അപ്പോഴാണ് സമീപത്തെ വെള്ളമില്ലാത്ത കുളത്തിനരികെ നിന്നും അവശനായ പരുന്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചു.

റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ടീം സ്ഥലത്തെത്തി പരുന്തിനെ ഏറ്റുവാങ്ങി. പരിക്കേറ്റ പരുന്തിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സയും നല്‍കി. മുറിവ് സാരമുള്ളതല്ലെന്നും മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷം പരുന്തിനു പറക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ അറിയിച്ചു.പരുന്തിനെ പിന്നീട് മലമ്പുഴ സ്‌നേക്ക് പാര്‍ക്കിലേക്കു മാറ്റി. മുറിവുണങ്ങുമ്പോള്‍ പരുന്തിനെ തുറന്നുവിടുമെന്നും ആര്‍ആര്‍ടി വിഭാഗം അറിയിച്ചു.