മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേര്‍ന്ന പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മണിക്കെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം സ്ത്രീത്വത്തെഅടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് അയച്ചിട്ടുണ്ട്. മന്ത്രി സ്ഥാനത്ത് തുടരാനുളള അവകാശം മണിക്ക് നഷ്ടമായി. മന്ത്രി മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി എം എം മണി നടത്തിയഹീനമായ പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട് കഴിഞ്ഞു. വലിയ അസംതൃപ്തിയാണ് എല്ലാ വിഭാഗം ജനങ്ങളിലും ഈ പരാമര്‍ശം സൃഷ്ടിച്ചിട്ടുള്ളത്.വനിതാ സംഘടനകളെല്ലാം തന്നെ അതി ശക്തമായപ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

സി പി എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും മണിയുടെഅപമാനകരമായ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല മന്ത്രി എം എം മണി നേരിട്ട്തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വെറുതെ ഒരു ഖേദ പ്രകടനം കൊണ്ട് തീരുന്നതല്ല ഈ പരാമര്‍ശത്തിന്റെ ഗൗരവവും, ആഘാതവും. സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമര്‍ശംഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരംകുറ്റകരമാണ്. ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തിയത് ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റേണ്ട മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ടപെരുമാറ്റച്ചട്ടങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. നിര്‍ഭാഗ്യവശാല്‍ സി പി എം സംസ്ഥാന നേതൃത്വവും, മുഖ്യമന്ത്രിയും പൊതുജനരോഷം അവഗണിച്ചു കൊണ്ട് മന്ത്രി എം എം മണിയെ സംരക്ഷിക്കുകയാണ്.ഈ സാഹചര്യത്തിലാണ്‌സി പി എം അഖിലേന്ത്യ സെക്രട്ടറിയെന്ന നിലയില്‍ സീതാറാം യെച്ചൂരി അടിയന്തിരമായി ഇടപെട്ട് മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടത്.