യുദ്ധം ആസന്നം; അമേരിക്കന്‍ അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗണ്‍ കൊറിയന്‍ തീരത്തെത്തി

single-img
25 April 2017

ലോക രാജ്യങ്ങളില്‍ യുദ്ധഭീതി പരത്തി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി. അമേരിക്കയുടെ ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുദ്ധം ആസന്നമാണെന്ന സൂചന നല്‍കി അമേരിക്കയുടെ നീക്കം.

അമേരിക്ക യുദ്ധഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന അന്തര്‍വാഹിനി യു.എസ്.എസ് മിഷിഗനാണ് കൊറിയന്‍ തീരത്തെത്തിയത്. അമേരിക്കന്‍ വിമാന വാഹനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഇതിനകം തന്നെ കൊറിയന്‍ തീരത്തെത്തിയിരുന്നു.

യുദ്ധത്തിന് അമേരിക്ക തുടക്കം കുറിച്ചാല്‍ വിമാനവാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണെ ആക്രമിച്ചു കടലില്‍ മുക്കുമെന്നു ഉത്തരകൊറിയ മുമ്പ് ഭീഷണിമുടക്കിയിരുന്നു. തുടര്‍ന്നാണ് ഇതിനോട് ചേരാന്‍ യു.എസ്.എസ് മിഷിഗനും ദക്ഷിണ കൊറിയയില്‍ എത്തിച്ചേര്‍ന്നത്.

ഇതിനിടെ ഇന്ന് ഉത്തര കൊറിയ തങ്ങളുടെ സൈന്യത്തിന്റെ 85ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് മിസൈല്‍ പരീക്ഷണത്തിന് സാധ്യതയുണ്ടെന്നാണ്. ആഘോഷങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്ക കരുതുന്നത്.

അങ്ങനെയൊരു നീക്കം ഉത്തരകൊറിയന്‍ ഭാഗത്തു നിന്നുമുണ്ടായാല്‍ ആ നിമിഷം അമേരിക്കയുടെ ആക്രമണം ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ നിഗമനം. ഏത് നിമിഷവും യുദ്ധമുണ്ടാകാമെന്നു തന്നെയാണ് ദക്ഷിണ കൊറിയന്‍ അധികൃതരും കരുതുന്നത്. അതുകൊണ്ടുതന്നെ ഇരു കൊറിയയിലെയും ജനങ്ങള്‍ ഭയത്തിലാണ് ഓരോ ദിനവും തള്ളിനീക്കുന്നതും.