മണിയുടേത് നാടന്‍ ശൈലി; എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നു പിണറായി വിജയന്‍

single-img
25 April 2017

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം മണിയുടേത് നാടന്‍ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു.

മണിയുടേത് നാടന്‍ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിടേഷ് അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ദേവികുളം സബ് കളക് ടറെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ നടപടി ശരിയല്ലെന്നും 17 ാം തീയതിയിലെ ഒഴിപ്പിക്കല്‍ ശരിയായ നടപടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പല ആരാധനാലയങ്ങളും കൈയേറ്റ ഭൂമിയിലാണിരിക്കുന്നത്.

പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അറിയാതെയാണ് 144 പ്രഖ്യാപിച്ചത്. കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണം. വന്‍കിട കൈയേറ്റം സര്‍ക്കാര്‍ ഒഴിപ്പിക്കും. ജനപിന്തുണയോടെ ഒഴിപ്പിക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.