സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; എം.എം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍

single-img
25 April 2017

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയതിന് ശേഷമാണ് ബഹളം ആരംഭിച്ചത്. പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് കേള്‍ക്കാന്‍ തയ്യാറായില്ല.ബജറ്റ് സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

സംസ്ഥാനത്തുളളത് അസാധാരണ സാഹചര്യമാണ്, ഒരു മന്ത്രി തന്നെ കേരളീയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാല്‍ ചോദ്യോത്തരവേള റദ്ദുചെയ്ത് അടിയന്തര പ്രമേയം ഉടനടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം നടപടിക്രമം സാധാരണ സ്വീകരിക്കാറില്ലെന്നും , അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

തുടര്‍ന്ന് പ്രതിപക്ഷം ശാന്തരായെങ്കിലും ചോദ്യോത്തരവേളയുമായി സഹകരിക്കുന്നില്ല. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍, എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങള്‍, സെന്‍കുമാറിനെ തിരികെ പൊലീസ് മേധാവിയാക്കണമെന്ന കോടതി വിധി ഇതെല്ലാം വരുംദിവസങ്ങളിലും സഭയെ കലുഷിതമാക്കുമെന്നുറപ്പാണ്. ഇന്നുമുതല്‍ ജൂണ്‍ എ്ട്ടുവരെ 32 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി 13 ദിവസമാണ് വേണ്ടതും.

എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എം.എം.മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തുടര്‍നടപടികളെടുക്കാന്‍ ഇടുക്കി എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനിതാകമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ എത്തി സമരക്കാരുടെ പരാതികേട്ടു. പൊലീസ് പിടിവലിയില്‍ പരുക്കേറ്റവരുടെ മൊഴിയെടുക്കാത്തതിലും അവര്‍ അതൃപ്തി അറിയിച്ചു. സംഭവത്തെക്കുറിച്ച് എസ്.പിയോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം മൂന്നാറില്‍ തുടരുകയാണ്. മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പൊമ്പിളൈ ഒരുമൈ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി രാജേശ്വരി, പ്രസിഡന്റ് കൗസല്യ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. എം.എം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.