ബംഗാളിന്റെ ചെലവില്‍ മോദി പേരെടുക്കേണ്ട; സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റി മമത സര്‍ക്കാര്‍

single-img
25 April 2017

പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് മറ്റൊരു തലത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റിക്കൊണ്ടാണ് മമത സര്‍ക്കാര്‍ പുതിയ പോരിനു തുടക്കം കുറിച്ചിരിക്കുന്നത്.

പ്രധാന്‍ മന്ത്രി ഗ്രാമീണ സടക് യോജന എന്ന പദ്ധതിയുടെ പേര് ബംഗ്ലാര്‍ ഗ്രാമീണ്‍ സടക് യോജന എന്നാക്കി മാറ്റിയപ്പോള്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന ഗ്രാമീണിന്റെ പേര് ബംഗ്ലാര്‍ ഗൃഹ പ്രകല്‍പ എന്ന പേരിലേക്കും മാറ്റിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന്റെ പേര് മാറ്റി മിഷന്‍ നിര്‍മ്മല്‍ ബംഗ്ലാ എന്നാക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെന്നാണ് പേരെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ഖജനാവില്‍ നിന്നും 40 ശതമാനം വിനിയോഗിക്കുകയാണെന്നും മമത ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ചെലവില്‍ മോദിസര്‍ക്കാര്‍ ക്രഡിറ്റ് എടുക്കേണ്ടന്ന നിലപാടാണ് മമതയുടെ നീക്കത്തിനു പിന്നിലെന്നാണ് കരുതുന്നത്.

പേരുകള്‍ മാറ്റി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായും ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്നും കൂച്ച് ബെഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ് പി ഉലകനാഥന്‍ അറയിച്ചു. ഇപ്പോള്‍ ബോര്‍ഡുകളിലെല്ലാം കേന്ദ്ര പദ്ധതികളുടെ പേതാണ് എഴുതിയിരിക്കുന്നത്. അതു മാറ്റുമെന്ന് കൂച്ച് ബെഹര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പിത റോയ ദുകുവ പറഞ്ഞു. പ്രസ്തുത പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരും പണം നല്‍കുന്നുണ്ട്. അതിനാല്‍ പദ്ധതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്ര മാത്രം പതിക്കുന്നത് ശരിയായ നടപടിയല്ല- അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത രാഷ്ട്രീയം കളിക്കുകയാണെന്നും മമത ബിജെപിയെ ഭയക്കുന്നതിന്റെ തെളിവാണതെന്നും ബിജെപി ബംഗാള്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു. പേരുമാറ്റി മമത ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മമതയുടെ പേരുമാറ്റല്‍ നീക്കത്തിനെതിരെ സിപിഎമ്മും രംഗത്തെത്തി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സിപിഐ(എം) നേതാവ് ഫുവാദ് ഹലീം പറഞ്ഞത്. രാജ്യത്തെ ജനജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതില്‍ കേന്ദ്ര പദ്ധതികള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യകക്തമാക്കി.