പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന സ്ത്രീയുടെ ശിക്ഷ കോടതി ഇളവു ചെയ്തു

single-img
24 April 2017

മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്ത്രീയുടെ ശിക്ഷ കോടതി ഇളവു ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ നരഹത്യയ്ക്കുള്ള വകുപ്പുകൾ ഒഴിവാക്കിക്കൊണ്ട് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുള്ള 304(2) ഉപയോഗിച്ചാണു കോടതി താരതമ്യേന ലഘുവായ ശിക്ഷവിധിച്ചത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന കുറ്റകൃത്യത്തിനാണു നാലുവർഷം കഠിനതടവ് ശിക്ഷയായി വിധിച്ചത്.

2013-ലാണു കേസിനാസ്പദമായ സംഭവം നടന്നത്. ഝാർഖണ്ഡിൽ നിന്നും മുംബൈയിൽ വന്നു താമസിക്കുകയായിരുന്ന സ്ത്രീയാണു തന്റെ പങ്കാളിയായ സരോജിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഭർത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്ന ഇവർ ഭാര്യയെ ഉപേക്ഷിച്ച സരോജിനൊപ്പം മുംബൈയിലേയ്ക്ക് ഒളിച്ചോടുകയായിരുന്നു. എന്നാൽ സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന സരോജ് ഭാര്യയെ മർദ്ദിക്കുകയും എട്ടു വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബ്ബന്ധിക്കുകയും ചെയ്യുമായിരുന്നു.

സംഭവദിവസം മദ്യപിച്ചെത്തിയ സരോജ് മകൾ നിൽക്കുന്നത് കണക്കിലെടുക്കാതെ ഈ സ്ത്രീയെ ലൈംഗികബന്ധത്തിനു നിർബ്ബന്ധിച്ചു. എന്നാൽ ഇവർ വിസ്സമ്മതിച്ചതിനെത്തുടർന്നു ഇയാൾ ഇവരുടെ മകളെ കടന്നുപിടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇവർ പെട്ടെന്നു അമ്മിക്കല്ലെടുത്ത് ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. അപ്പോൾത്തന്നെ സരോജ് മരിക്കുകയും ചെയ്തു.

സരോജിന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ചശേഷം ഇവർ മകളുമായി ഝാർഖണ്ഡിലേയ്ക്ക് പോയി. രണ്ടുദിവസത്തിനുശേഷം ദുർഗന്ധം മൂലം വീടുതുറന്ന അയൽവാസികൾ മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഈ സ്ത്രീയെ പോലീസ് പിന്നീട് ഝാർഖണ്ഡിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിനുശേഷം നടത്തിയ കുറ്റസമ്മതമൊഴിയിൽ തന്റെ പങ്കാളി തന്നെ അയാളുടെ സുഹൃത്തുക്കൾക്ക് പണത്തിനായി കാഴ്ചവെയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു.

എന്നാൽ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ സംഭവിച്ച കൊലപാതകമാണിതെന്നും തെളിവുനശിപ്പിക്കുന്നതടക്കമുള്ള യാതൊരുതരത്തിലുള്ള നീക്കങ്ങൾക്കും ഇവർ ശ്രമിച്ചില്ലായെന്നും കോടതി നിരീക്ഷിച്ചു.

“പ്രതിയുടെ നിഷ്കളങ്കയായ മകളെ മരണപ്പെട്ടയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണു ഈ കൊലപാതകം സംഭവിച്ചത്. ഒരമ്മയും ഇത്തരമൊന്നു കണ്ടുനിൽക്കില്ല,” കോടതി നിരീക്ഷിച്ചു.