പിണറായി സര്‍ക്കാരിന്റെ പ്രിയ അഭിഭാഷകനായ ഹരീഷ് സാല്‍വേ കീഴടങ്ങിയത് ഹാരിസ് ബീരാന്റെ മുന്നില്‍; ലാവലിന്‍ കേസ് വിധിപറയാനിരിക്കേ സിപിഎം ക്യാമ്പില്‍ നെഞ്ചിടിപ്പു തുടങ്ങി

single-img
24 April 2017

ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ടിപി സെന്‍കുമാറിനു വേണ്ടി ഹാരിസ് ബീരാനാണ് സുപ്രീംകോടതിയില്‍ എത്തിയത്. സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ വിജയിച്ചതോടെ വിജയം ഹാരിസ് ബീരാന്റെ കൂടെയാകുകയായിരുന്നു. സെന്‍കുമാറിന് വേണ്ടി ഹാരിസ് ബീരാന്‍ മുഖേന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് ഹാജരായത്.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാല്‍വേയാണ്. സെന്‍കുമാര്‍ കേസിലെ തിരിച്ചടി ലാവ്‌ലിന്‍ കേസില്‍ പ്രതിഫലിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ആസന്നമായിരിക്കേ സിപിഎം ക്യാമ്പ് ആശങ്കയിലാണ്. ടിപി സെന്‍കുമാറിന്റെ കാര്യത്തില്‍ മകാടതിയില്‍ നിന്നുമേറ്റ തിരിച്ചടിയ്ക്കു പിറകേ ലാവലിനിലും പ്രതികൂലമായി കാര്യങ്ങള്‍ ഭവിച്ചാല്‍ രാഷ്ട്രീയ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവ വികാസങ്ങള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കുക.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ സ്ഥാനത്ത് നിയമിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.

സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ സെന്‍കുമാര്‍ നേരത്തെ ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കതിരൂര്‍ മനോജ്, ടിപി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധ കേസുകളില്‍ നടത്തിയ അന്വേഷണം സര്‍ക്കാരിന് വിദ്വേഷമുണ്ടാക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും സെന്‍കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

ജിഷവധക്കേസിലെ അന്വേഷണം മൂലമല്ല തന്നെ മാറ്റിയതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള 13 രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവടക്കമുള്ള കാര്യങ്ങള്‍ ചേര്‍ത്ത് ഒന്‍പത് പോയന്റുകളായാണ് സെന്‍കുമാര്‍ റിജോയ്‌നര്‍ സത്യവാങ്മൂലം നല്‍കിയത്.