വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളുമായി സൗദി അറേബ്യയും സല്‍മാന്‍ രാജാവും; ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സല്‍മാന്‍ രാജാവ് പുറത്താക്കി

single-img
24 April 2017

ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്താക്കി. സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനാണ് സല്‍മാന്‍ രാജാവ് പുറത്താക്കിയത്. പിന്നാലെ മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സൗദി പ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെയാണ് മാറ്റി രാജാവ് വന്‍ അഴിച്ചുപണിയും നടത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.

ഖാലിദ് അല്‍ അറജിന്‍ കുറച്ചു കാലമായി അധികാര ദുര്‍വിനിയോഗത്തിന് ആരോപണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിനു പറത്താക്കിയതിനു പിന്നാലെ ഭരണകൂടത്തില്‍ വന്‍ അഴിച്ചുപണിയാണ് സല്‍മാന്‍ രാജാവ് നടത്തിയത്. ടെലികോം, ഐ.ടി. മന്ത്രി ഡോ. മുഹമ്മദ് അല്‍സുവൈലിനുപകരം എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവായെ നിയമിക്കുകയും സഹമന്ത്രി ഡോ. ഉസാം ബിന്‍ സഅദ് ബിന്‍ സഈദിനെ ആക്ടിങ് സിവില്‍ സര്‍വീസ് മന്ത്രിയായി നിയമിക്കുകയും ശചയ്തു.

സാംസ്‌കാരിക മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫിക്കു പകരം ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍അവദിനെയും രാജാവ് നിയമിച്ചു. ഡോ. അബ്ദുറഹ്മാന്‍ അല്‍ആസിമിയെ വിദ്യാഭ്യാസ ഉപമന്ത്രിയായും മാജിദ് അല്‍ ബവാരിദിയെ വാണിജ്യ ഉപമന്ത്രിയായും നിയമിച്ചിട്ടുണ്ട്്. എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമറാണ് സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പുതിയ ഗവര്‍ണര്‍. മുനിസിപ്പല്‍ ഉപമന്ത്രിയായി എന്‍ജിനീയര്‍ താരിഖ് അല്‍ഫാരിസിയെയും രിസ്ഥിതി ഉപമന്ത്രിയായി എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍അനസിയെയും ഉപ ഗതാഗത മന്ത്രിയായി സഅദ് അല്‍ഖലബിനെയും സല്‍മാന്‍ രാജാവ് നിയമിച്ചിട്ടുണ്ട്.

നഗരസഭാ സഹമന്ത്രിയായി ഡോ. ഗാനിം അല്‍മുഹമ്മദ്, ഊര്‍ജ, വ്യവസായ സഹമന്ത്രിയായി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ജനറല്‍ ഇന്റലിജന്‍സ് ഉപമേധാവി ജനറല്‍ യൂസുഫ് അല്‍ഇദ്രീസിനെ വിരമിക്കാന്‍ അനുവദിക്കുയും പകരം അഹ്മദ് അസീരിക്കു ചുമതല നല്‍കയും ചെയ്തു. ഗവര്‍ണര്‍മാരില്‍ ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍ എന്നിവിടങ്ങളിലുള്ളവരെയാണ് മാറ്റിയിരിക്കുന്നത്.

ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തിവെച്ചിരുന്ന അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു. മാത്രമല്ല യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൗദി സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനയിലെ ഭടന്‍മാര്‍ക്കും രണ്ടുമാസത്തെ അധിക ശമ്പളം വിതരണംചെയ്യാനും രാജാവ് ഉത്തരവിട്ടിട്ടുണ്ട്. റമദാന് മുമ്പുതന്നെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കുമെന്നും രാജാവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.