പിണറായി മാത്രമല്ല യോഗിയും നാണംകെടും; സുപ്രീംകോടതി വിധി പിണറായിക്കു മാത്രമല്ല, ഉത്തര്‍പ്രദേശ് ഡിജിപി സ്ഥാനത്തു നിന്നും ജാവേദ് അഹമ്മദിനെ മാറ്റിയ യോഗി ആദിത്യനാഥിനും തിരിച്ചടിയാകും

single-img
24 April 2017

സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട സുപ്രീകോടതി തിരിച്ചടിയാകുന്നത് പിണറായി സര്‍ക്കാരിനു മാത്രമല്ല. ഉത്തര്‍പ്രദേശ് ഡിജിപി സ്ഥാനത്തു നിന്നും ജാവേദ് അഹമ്മദിനെ ഒഴിവാക്കിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനും  വിധി തിരിച്ചടിയാകും. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ സ്ഥാനമേറ്റതിനു പിന്നാലെയാണ് ഡിജിപി എസ്. ജാവേദ് അഹമ്മദിനെ മാറ്റി സീനിയര്‍ ഓഫീസര്‍ സുല്‍ഖാന്‍ സിങിനെ പൊലീസ് മേധാവിയായി നിയമിച്ചത്.

സെന്‍കുമാര്‍ കേസില്‍ നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ച സുപ്രീകോടതി അഖിലേന്ത്യ സര്‍വ്വസീ ചട്ടത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മാറി മാറിവരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡിജിപിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ മുന്‍ ഡിജിപി കെ രാമാനുജത്തിനെയും സുപ്രീംകോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2012 ല്‍ തമിഴ്‌നാട്ടില്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഡിജിപിയായി നിയമിച്ച കെ.രാമാനുജം കുറച്ചു നാളുകള്‍ക്കു ശേഷം വിരമിക്കേണ്ടതായിരു. എന്നാല്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്ന കാര്യവും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്ടും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും ഇനി അഥവാ മാറ്റുകയാണെങ്കില്‍ അതിന് തക്ക കാരണമുണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നും ഇത് ഒരര്‍ത്ഥത്തില്‍ തരംതാഴ്ത്തലാണെന്നും സെന്‍കുമാര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യുപിയില്‍ ക്രമസമാധാനപാലനം ശക്തമാക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചതിനു പിന്നാലെയാണ് ഡിജിപി ജാവേദ് അഹമ്മദിനെ മാറ്റിയത്. 2016 ജനുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഡിജിപിയായി ജാവേദ് അഹമ്മദിനെ നിയമിച്ചത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം നൂറിലധികം പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. യോഗിയുടെ ഹിന്ദുവത്കരണത്തിന്റെ ഭാഗമായാണ് ജാവേദ് അഹമ്മദിനെ മറ്റിയതെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേരള ഡിജിപി വിഷയത്തിലെ  സുപ്രീംകോടതി വിധി മറ്റു സംസ്ഥാനങ്ങളിലും ഓളങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചനകള്‍.