ഇപിക്കു പിന്നാലെ മണിയും പുറത്തേക്ക്? നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാകും: സിപിഐയുടെ പിന്തുണപോലുമില്ലാതെ ഒറ്റപ്പെട്ട് സിപിഎം

single-img
24 April 2017

സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടുള്ള മന്ത്രി എംഎം മണിയുടെ പരാമര്‍ശം ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നുറപ്പായി. തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സമരവേദിയാക്കുമെന്നാണ് സൂചന. മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികളും ഉയര്‍ന്നുതുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രിവരെ മണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച സ്ഥിതിക്ക് ഇനിയും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് സര്‍ക്കാരിന് ന്യായീകരിക്കാനാവില്ലെന്നുള്ളതും പ്രതിപക്ഷത്തിനു വീര്യം കൂട്ടും. തങ്ങള്‍ സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരിലെ മന്ത്രിയാണ് അവകാശപ്പോരാട്ടത്തിനിറങ്ങിയ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചതെന്നുള്ളതും സഭയില്‍ കോളിളക്കം സൃഷ്ടിക്കും.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തിന് വലിയൊരു ആയുധമാണ് മന്ത്രി മണിയിലൂടെ ലഭിച്ചിരിക്കുന്നത്. മാത്രമഎല്ല പ്രത്യക്ഷ നിലപാടില്‍ ഘടകകക്ഷിയായ സിപിഐ പോലും മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനു കൂട്ടില്ല എന്നുള്ളതും സഭയില്‍ പ്രതിഫലിക്കും.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ സിപിഐ പുറത്ത് ശക്തമായ നിലപാടെടുത്തിട്ടുള്ളതിനാല്‍ അതും ചര്‍ച്ചാ വിഷയമാകും. സിപിഐക്കാരനായ റവന്യൂമന്ത്രിയുടെ പിന്തുണയുള്ള ദേവികുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമനെ മണി പരസ്യമായി അപമാനിച്ച സംഭവങ്ങളും പ്രതിഷേധത്തിന് ആക്കം കൂട്ടും.