ഇന്ത്യയിലെ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള ഏക തീയറ്ററായ ഏരീസ് പ്ലെക്‌സ് ബാഹുബലി 2 വിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു; ബാഹുബലി ഒന്നാം ഭാഗത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതും ഏരീസില്‍

single-img
24 April 2017

തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്‌സ് ബാഹുബലിദ ബിഗിനിങ് പുനപ്രദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്‌സില്‍ വെള്ളിയാഴ്ച നിറഞ്ഞ സദസ്സിലാണ് ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി ദ ബിഗിനിങ് പുനപ്രദര്‍ശനം നടത്തിയത്. 1515 ഇരിപ്പിടമാണ് (700 സീറ്റുകള്‍ ഔഡി 1 ഡബിള്‍ 4 കെ അറ്റ്‌മോസ് വിഭാഗത്തില്‍) ഏരീസ് പ്ലെക്‌സിസില്‍ ഉള്ളത്.

2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലിയുടെ യഥാര്‍ത്ഥ പ്രദര്‍ശനത്തില്‍ ഏരീസ് പ്ലെക്‌സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റര്‍ എന്ന് റെക്കോര്‍ഡ് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കുകയും ചെയ്തു. ഒറ്റ തീയേറ്ററില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്തു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്‌സ്ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്.

ഏപ്രില്‍ 28 ന് റിലീസ് ചെയുന്ന രണ്ടാംഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന് മുന്നോടിയായാണ് ആദ്യ ഭാഗത്തിന്റെ പുനപ്രദര്‍ശനം നടത്തിയത്. രണ്ടാം ഭാഗത്തിന്റെ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അഭൂതപുര്‍വ്വമായ തിരക്കാണ് ബുക്കിംഗിന് അനുഭവപ്പെടുന്നത്. ബുക്ക് മൈ ഷോയില്‍ ഇന്നു രാവിലെയോടെ ആദ്യ ദിനങ്ങളിലെ ഏകദേശം മുഴുവന്‍ സീറ്റുകളും ബുക്കായിക്കഴിഞ്ഞു. ബാഹുബലി തമിഴ് രണ്ടു തിയേറ്ററിലും മലയാളം, തെലുങ്ക് ഭാഷകള്‍ ഒരോ തീയേറ്ററിലുമാണ് എരീസില്‍ പ്രദര്‍ശനം നടക്കുക.

അത്യാധുനിക നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഏരീസ് പ്ലെക്‌സ് മള്‍ട്ടിപ്ലെക്‌സില്‍ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള രാജ്യത്തെ ഏക തീയേറ്ററാണ്. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകര്‍. ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.

കണ്ണഞ്ചിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകള്‍ ആധുനിക സംവിധാനങ്ങളാല്‍ സജ്ജീകരിച്ച തീയേറ്ററില്‍ കാണുന്നത് പ്രത്യേക അനുഭവമാണ്. 4 കെ പ്രൊജക്ഷനില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തില്‍ പ്രധാനപങ്ക് വഹിക്കുന്നവര്‍ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ പുതിയതലങ്ങളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതില്‍ സന്തോഷമുണ്ട് ഏരീസ് പ്ലെക്‌സ് ചെയര്‍മാനായ സോഹന്‍ റോയ് പറഞ്ഞു.

നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ ഫോര്‍മാറ്റില്‍ വരുന്ന സിനിമകള്‍ അതെ നിലവാരത്തില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉള്‍പ്പെടുത്തി ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. 10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോംതീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോട് കൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറായ സോഹന്‍ റോയ് പറഞ്ഞു.

ചുരുങ്ങിയ സ്ഥലത്തു 4 കെ അറ്റ്‌മോസ് ഹോം തീയേറ്ററുകള്‍ സജ്ജീകരിക്കാം എന്ന് ആശയത്തിന് തുടക്കം കുറിച്ച സോഹന്‍ റോയ് ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ 40 സ്ഥാനത്തുള്ള വ്യവസായിയാണ്.