‘അണക്കെട്ട് വരുന്നത് വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും ഗുണം ചെയ്യും’; അതിരപ്പിള്ളി പദ്ധതിയ്ക്ക് വേണ്ടി ഹ്രസ്വ ചിത്രവുമായി കെഎസ്ഇബി

single-img
23 April 2017

തൃശൂര്‍: അതിരപ്പിള്ളി ജവവൈദ്യുത പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലും പദ്ധതിയ്ക്ക് വേണ്ടി വാദിച്ച് കെഎസ്ഇബി. പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹ്രസ്വചിത്രവുമായാണ് കെഎസ്ഇബി യുടെ വരവ്.

സാധ്യമായ ജലവൈദ്യുത പദ്ധതികളില്‍ ആദ്യം പരിഗണിക്കേണ്ടതാണ് അതിരപ്പിള്ളി എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. പദ്ധതിമൂലം നശിക്കുന്ന വനം നിസ്സാരമാണെന്നും അണക്കെട്ട് വരുന്നത് മൃഗങ്ങള്‍ക്കും പ്രകൃതിക്കും ഗുണം ചെയ്യുമെന്നും പറഞ്ഞുകൊണ്ട് ഇതിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് പദ്ധതി വന്നാലുള്ള നേട്ടങ്ങളും ഹ്രസ്വചിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തുമെന്നും പറയുന്നു.

ഒരു ആദിവാസി കുടുംബത്തെ പോലും ഒഴിപ്പിക്കില്ല. 104.4 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിയ്ക്ക് ആവശ്യമായി വേണ്ടത്. കേരളത്തിന്റെ പുരോഗമനത്തിന് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയില്‍ നിന്ന് തനതായ സംഭാവന ലഭിക്കുമെന്ന വാഗ്ദാനവും കെഎസ്ഇബി നല്‍കുന്നു. തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടത്തുന്ന എക്സിബിഷനില്‍ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള നിലപാടുമായി സിപിഐ യും രംഗത്തെത്തിയിരുന്നു. അഭിപ്രായ സമന്വയത്തിലൂടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടത്.