പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
23 April 2017

പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന ശരിയല്ല. പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി പറയുന്നത് ശരിയല്ലെന്ന് പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു. മന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു.

ഡല്‍ഹിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ‘പെമ്പിളൈ ഒരുമൈ സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയാണ്. അത് സംബന്ധിച്ച് അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ല. ബാക്കി കാര്യങ്ങള്‍ അത് പറഞ്ഞയാളുമായി സംസാരിച്ചശേഷം പ്രതികരിക്കാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പൊമ്പളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ പ്രക്ഷോഭവുമായി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇതിനേടകം രംഗത്തെത്തിയിരുന്നു. നേരത്തെ സമരത്തിന് നേതൃത്വം വഹിച്ച ഗോമതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. മണി എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചത്. അയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മണി രാജി വെയ്ക്കണം. അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറണം. എംഎം മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്നും ഗോമതി പറഞ്ഞു.

തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ കരുതിയത്? കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. പൊമ്പളൈ ഒരുമ വീണ്ടും ശക്തമാകും. മണി രാജിവെക്കുന്നതു വരെ സമരം ചെയ്യും
ഗോമതി പറഞ്ഞു.

സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന് മണി പറഞ്ഞു്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.