പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കര്‍

single-img
23 April 2017

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, മായാവതി, ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ്, ശിവപാല്‍ യാദവ്, അസംഖാന്‍ തുടങ്ങിയവരുടെ സുരക്ഷയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

എന്നാല്‍ ബിജെപി നേതാവ് വിനയ് കത്ത്യാര്‍ അടക്കമുള്ള ചിലരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കത്ത്യാറിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

151 പേര്‍ക്കാണ് ഉയര്‍ന്ന സുരക്ഷ ലഭിച്ചിരുന്നത്. ഇതില്‍ 105 പേര്‍ക്ക് സുരക്ഷ ഒഴിവാക്കി. 46 പേരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സുരക്ഷ നഷ്ടമായവരില്‍ ബി.എസ്.പി എം.പിയും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ സതീഷ് ചന്ദ്ര മിശ്രയും ഉള്‍പ്പെടുന്നു. മിശ്രയ്ക്ക് കേന്ദ്രത്തിന്റെ സുരക്ഷയും ഉണ്ടായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി അലോക് രാജന്‍, എസ്.പിയുടെ എം.എല്‍.സിമാരായ അശു മാലിക്, അതുല്‍ പ്രധാന്‍ എന്നിവരുടെയും സുരക്ഷ പൂര്‍ണമായും എടുത്തുകളഞ്ഞു.