നരേന്ദ്രമോദി ചായ വിറ്റുവെന്ന് പറയപ്പെടുന്ന വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ചിലവിടുന്നത് 8 കോടി

single-img
23 April 2017

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ എട്ടു കോടി ചെലവിടുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. തന്റെ ചെറുപ്പകാലത്ത് ചായ വിറ്റ് നടന്നിരുന്നു എന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലാണ് ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍ നവീകരണത്തിന് തുണയായത്.

ഗുജറാത്തിലെ മൊഹ്സാന ജില്ലയിലാണ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍. ചെറിയ സ്റ്റേഷനാണെങ്കിലും, രാജ്യത്തിന്റെ പ്രധാനമന്ത്രി ചായ വിറ്റതിലൂടെ വഡ്നഗര്‍ ശ്രദ്ധ നേടുകയായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രി തന്നെയാണ് സ്റ്റേഷന്‍ നവീകരണം പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സചാന ഗ്രാമത്തില്‍ പുതിയതായി നിര്‍മിക്കുന്ന കണ്ടെയ്നര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ്, വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛന്‍ ദാമോദര്‍ ദാസ് കട നടത്തിയിരുന്നതായും, താനും അച്ഛനോടൊപ്പം ചായ വിറ്റിരുന്നതായും നരേന്ദ്രമോദി വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

വഡ്‌നഗര്‍, മൊധേര, പത്താന്‍, വിനോദ സഞ്ചാര മേഖല വികസനത്തിന്റെ ഭാഗമായി ടുറിസം മന്ത്രാലയമാണ് സ്റ്റേഷന്റെ നവീകരണത്തിനായി ഫണ്ട് അനുവദിക്കുന്നത്. 100 കോടിയുടെ അടുത്ത് തുക നവീകരണത്തിനായി വരുമെന്നും, ഈ വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും അഹമ്മദാബാദ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ദിനേശ് കുമാര്‍ പറഞ്ഞു.