സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും: വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

single-img
22 April 2017

വാരണാസി: വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍, വീഡിയോകള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എന്നിവ അഡ്മിനെ ജയിലിടയ്ക്കാന്‍ മതിയായ കുറ്റമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വാരണാസിയിലെ പ്രദേശിക ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നത്.

വ്യാജ വാര്‍ത്തകളും, മോര്‍ഫ് ചെയ്ത് ചിത്രങ്ങളും,വീഡിയോകളും പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാതിരിക്കാനാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് യോഗേശ്വര്‍ രാം മിശ്രയും പൊലീസ് മേധാവി നിതിന്‍ തിവാരിയും സംയുക്തമായിറക്കിയ ഉത്തരവിലാണ് നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ചേര്‍ക്കാവു. ഏതെങ്കിലും അംഗം വ്യാജ സന്ദേശങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ ഇട്ടാല്‍ എടുത്ത് മാറ്റുന്നതിനുള്ള ഉത്തരവാദിത്ത്വം അഡ്മിനാണ്. പോസ്റ്റ് ഇട്ട അംഗത്തെ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കണം. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ സംയുക്തമായി പുറത്തിറക്കിയ ഉത്തരവ് വാസ്തവ വിരുദ്ധമായ ഉള്ളടക്കം അടങ്ങിയതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ഗ്രൂപ്പുകളുടെ അഡ്മിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നതാണ്. ഇത്തരം ഭവിഷ്യത്തുകളെ നേരിടാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തയ്യാറകണമെന്നും ഉത്തരവില്‍ പറയുന്നു.