മൂന്നാറില്‍ സിപിഐ നിലപാട് സംശയകരം; കൈയേറ്റത്തിനെതിരെയുളള നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ സിപിഐ മൂന്നാറിലെ പാര്‍ട്ടി ഓഫിസ് ആദ്യം പൊളിച്ചുമാറ്റണമെന്നു സുരേഷ്‌കുമാര്‍

single-img
22 April 2017

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ സിപിഐയ്‌ക്കെതിരെ പഴയ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ടാറ്റ കൈയേറിയിരിക്കുന്ന ഭൂമിയുടെ കകാര്യത്തില്‍ സിപിഐ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റത്തിനെതിരെയുളള സിപിഐ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ നിലനില്‍ക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫിസ് ആദ്യം പൊളിച്ചുമാറ്റുകയാണ് വേണ്ടത്. യഥാര്‍ത്ഥത്തില്‍ അത് പാര്‍ട്ടി ഓഫിസ് പോലുമല്ല. റിസോര്‍ട്ട് ഉള്‍പ്പെടുന്ന വലിയ ഏഴുനില കെട്ടിടമാണത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഐ അത് ചെയ്യുകയാണ് ആദ്യം വേണ്ടത്.

ടാറ്റാക്കെതിരെ റവന്യു ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതാണ്. രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.