മത്സരിക്കാത്ത യെച്ചൂരിയെ എങ്ങനെ പിന്തുണയ്ക്കും? രാജ്യസഭയിലേക്കു യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം: രണ്ട് തവണയില്‍ കൂടുതല്‍ മത്സരിക്കുന്ന പതിവ് പാര്‍ട്ടിക്കില്ല

single-img
22 April 2017

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മത്സരിക്കുന്നുവെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം. രാജ്യസഭയിലേക്കു യെച്ചൂരി മത്സരിക്കില്ലെന്നും രണ്ട് തവണയില്‍ കൂടുതല്‍ മത്സരിക്കുന്ന പതിവ് സിപിഎമ്മില്‍ ഇല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍നിന്ന് യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കു മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ തയാറാണെന്ന രീതിയില്‍ റിപ്പാര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തുകയും അതില്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതായുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് സിപിഎം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണ നിരസിക്കുന്നതോടെ രാജ്യസഭയില്‍ സിപിഎം പ്രാതിനിധ്യം നഷ്ടമാകും. 26 എംഎല്‍എമാര്‍ മാത്രമാണ് 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സിപിഎമ്മിനുള്ളത്. അവിടെ ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. അവശേഷിക്കുന്നു ഒരു സീറ്റിലും 211 എംഎല്‍എമാരുള്ള തൃണമൂല്‍ പ്രതിനിധിതന്നെ തെരഞ്ഞെടുക്കുപ്പെടുമെന്നുറപ്പാണ്.