നിങ്ങള്‍ വേറേ പണി നോക്കേണ്ടിവരും; മൂന്നാറില്‍ കുരിശു പൊളിച്ച വിഷയത്തില്‍ ഉദ്യോഗസ്ഥരോടു പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

single-img
22 April 2017

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം.മണിയും. മൂന്നാറില്‍ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇരുവരും പൊട്ടിത്തെറിച്ചത്.

മുന്‍കൂട്ടി അറിയിക്കാതെ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചുമാറ്റിയ നടപടിയില്‍ സബ് കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നേര്‍ക്ക് പിണറായി വിജയന്‍ ക്ഷുഭിതനായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വേറെ പണി നോക്കേണ്ടിവരുമെന്നു ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്നു വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവികുളം സബ് കളക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെതിരേ വൈദ്യുത മന്ത്രി എം.എം.മണിയും ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് മന്ത്രി ചോദിച്ചു. കുരിശ് പൊളിക്കല്‍ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും മണി കുറ്റപ്പെടുത്തി.

ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ തന്നോട് പോലും ചോദിക്കാതെ ഇത്തരമൊരു നടപടി എടുത്തതിലുള്ള അമര്‍ഷവും ഉദ്യോഗസ്ഥരോട് മന്ത്രി മണി രേഖപ്പെടുത്തി.