ഭൂമി തിളയ്ക്കുന്നു; കനത്ത ചൂടില്‍ തിളച്ചുരുകി സംസ്ഥാനത്തെ റോഡുകള്‍

single-img
22 April 2017

ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വേനലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കുടിവെള്ളം കിട്ടാക്കനിയാകുകയും പകല്‍-രാത്രി വ്യത്യാസമില്ലാതെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണിത്.

തിളയ്ക്കുന്ന ചൂടില്‍ റോഡുകളും ഉരുകിയൊലിക്കുന്ന കാഴ്ചയാണ് തലസ്ഥാനത്തു കാണാന്‍ കഴിയുന്നത്. ഇന്നു രാവിലെ കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡ് കനത്ത ചൂടേറ്റ് ഉരുകി. ടാര്‍ ഉരുകിയതു മൂലം ഗതാഗതം കുറച്ചു നേരത്തേക്ക് തടസ്സപ്പെട്ടു. കാല്‍നട യാത്രപോലും സാധ്യമല്ലാത്ത തരത്തിലാണ് നട്ടുച്ച സമയങ്ങളില്‍ പല റോഡുകളിലേയും അവസ്ഥ.

മെയ് ആദ്യവാരത്തോടെ ചെറിയ രീതിയിലുള്ള വേനല്‍മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ നല്‍കുന്ന കുടിവെള്ളം ആശ്രയിച്ചു ജീവിക്കുന്നവരുടെ അവസ്ഥ ഇതിലും കഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരള്‍ച്ച സംബന്ധിച്ച് അടിയന്തിര നടപടി കൈക്കൊള്ളാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.