എം.കെ.മുനീര്‍ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; വി.കെ ഇബ്രാഹിംകുഞ്ഞ് ഉപനേതാവ്

single-img
22 April 2017

മലപ്പുറം: മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി എം.കെ.മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന ലീഗ് പാര്‍ലമന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. വി. കെ ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവായും എം ഉമ്മറിനെ വിപ്പായും തെരഞ്ഞെടുത്തിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായതോടെ പ്രതിപക്ഷ ഉപ നേതാവ് പദവിയും മുനീറിന് ലഭിക്കും.

നിയമസഭാ കക്ഷി നേതാവായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് മുനീറിനെ തെരഞ്ഞെടുത്തത്. ഈ മാസം 27ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കും. പഴയ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിന് ശേഷമായിരിക്കും എംഎല്‍എ സ്ഥാനം രാജി വെക്കുകയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് വിജയിച്ചതോടെ ഒഴിവുവന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷമാകും ഇക്കാര്യത്തില്‍ ധാരണയുണ്ടാവുക എന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി .