മൂന്നാറില്‍ വേണ്ടത് ജെസിബിയല്ല, നിശ്ചയദാര്‍ഢ്യം; മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രന്‍

single-img
22 April 2017

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍. കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിപിഐ രംഗത്തെത്തിയത്.

കൈയേറ്റമൊഴിപ്പിക്കല്‍ തുടരും. മൂന്നാറില്‍ വേണ്ടത് ജെസിബിയല്ല, നിശ്ചയദാര്‍ഢ്യമാണ്. പാപ്പാത്തിച്ചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല, കൈയേറ്റത്തിന്റെയാണ്. ഇത് ഒഴിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങളും വാര്‍ത്തകളും തെറ്റാണെന്നും കാനം പറഞ്ഞു.

പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിനുനേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കാനം വ്യക്തമാക്കി.

നേരത്തെ, മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് തള്ളി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മുന്നണി ഭരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജില്ലാ സെക്രട്ടറി പറയുകയുണ്ടായി.