ആരാല്‍ ഒരു കടലായിരുന്നു, ഇപ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയും; കാലങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ കേരളീയരും പറയും: ‘ശാസ്താംകോട്ടക്കായല്‍ വലിയ ശുദ്ധജലതടാകമായിരുന്നു, പക്ഷേ ഇപ്പോള്‍…’

single-img
22 April 2017

ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്. 68000 സ്‌ക്വയര്‍ കിലോമീറ്ററുള്ള ഒരു കടല്‍ നാലു പതിറ്റാണ്ടും നാലുവര്‍ഷവും പത്തുമാസവും കൊണ്ട് മരുഭൂമിയാക്കി തീര്‍ന്ന കഥ നമുക്കെല്ലാം കേട്ടു കേള്‍വി മാത്രമാണ്. എന്നാല്‍ നമുക്കുമുന്നില്‍ ആ സത്യം ഇമപ്പാഴുണ്ട്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ തടാകമായിരുന്ന ആരല്‍ കടല്‍ അപ്രത്യക്ഷമായപോലെ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലായ ശാസ്താംകോട്ട കായലും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. അധികാരികളുടെ അവഗണന മൂലം അനാഥമായി ആര്‍ക്കും എപ്പോഴും മലിനമാക്കപ്പെടാമെന്ന നിലയില്‍ നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുകയാണ് ശാസ്താംകോട്ട കായല്‍. ഒരു പക്ഷേ, വര്‍ഷങ്ങള്‍ കഴയുമ്പോള്‍ പറഞ്ഞു നടക്കാനുള്ള ഒരു കഥയായി ഈ തടാകം മാറിയേക്കാം.

ആരാൽ കടൽ- ഇന്നത്തെ അവസ്ഥ

ദ്വീപുകളുടെ കടല്‍ എന്ന ആരല്‍ കടല്‍ കാസാഖിസ്ഥാന്റെയും ഉസ്‌ബെക്കിസ്ഥാന്റെയും അതിര്‍ത്തിപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ ജലവിതരണപദ്ധതികളുടെ ഭാഗമായി തടാകത്തിലേക്കുള്ള ജലത്തിന്റെ ശ്രോതസ്സുകളായ നദികളുടെ ഗതി തിരിച്ചുവിട്ടത് മൂലമാണ് ആരല്‍ കടല്‍ ഈ അവസ്ഥയിലേക്കെത്തിയത്. ആരല്‍ കടലിന് സംഭവിച്ചത് ഭൂമിയിലെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക ദുരന്തമായാണ് ശാസ്ത്രലോകം കണ്ടത്. സോവിയറ്റിന്റെ വ്യാവസായിക ആര്‍ത്തിയായിരുന്നു ആരാല്‍ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ പരുത്തി കൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയില്‍ ഒരു കടല്‍ മരിച്ചൊടുങ്ങുയായിരുന്നു.

ഒരു കടൽ മരുഭൂമിയായി മാറിയ കാഴ്ച

ലോകത്തില്‍ അതിവേഗം വറ്റുന്ന തടാകങ്ങളുടെ ലിസ്റ്റില്‍ കേരളത്തിലെ ശാസ്താംകോട്ട കായലും ഇടം നേടി. ആരല്‍ കടലിനെ പോലെ അപ്രത്യക്ഷമായ ശുദ്ധജല തടാകങ്ങളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി കുറിക്കേണ്ടി വരുമ്പോള്‍ അതിന്റ കാരണക്കാരും മനുഷ്യരുടെ ജലദുര്‍വിനിയോഗം തന്നെയാണ്. ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും, കൃഷിക്കായി തടാകത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും, വരുംകാലത്തേക്കുറിച്ചു ചിന്തയില്ലാതുള്ള മനുഷ്യരുടെ പ്രവൃത്തികളും മലിനീകരണത്തിന് ഇടയായി. മണ്ണൊലിപ്പും,ഗാര്‍ഹികകാര്‍ഷികവ്യവസായ മാലിന്യങ്ങളുമെല്ലാം ഇതിന് ആക്കം കൂട്ടി . ഉപയോഗിച്ചു മിച്ചം വരുന്ന മലിന ജലം വീണ്ടും യാതൊരു ശുദ്ധീകരണവും കൂടാതെ തിരിച്ചു തടാകത്തിലേക്ക് ഒഴുക്കി വിടുന്നതും മലിനീകരണത്തിന് കാരണമായി.

ആരാൽ കടലും അതിൽ ഉപേയാഗിച്ചിരുന്ന മത്സ്യബന്ധന ബോട്ടും

മണ്ണെടുപ്പ് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ഭാഗത്ത്. കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണങ്ങല്‍ ഉണ്ടെന്നു പറയുമ്പോഴും ഇതെല്ലാം് നിര്‍ബാധം തുടരുന്നു. അതേസമയം വെള്ളം വറ്റുന്നതിന് പുറമേ ജലജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. ചൂട് വര്‍ദ്ധിക്കുമ്പോള്‍ ഗ്രീന്‍ ആല്‍ഗകള്‍ വളരുന്നതും തടാകത്തിന്റെ നാശത്തിന് കാരണമാകുന്നുണ്ട്. ജലത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ഇവ മീഥേന്‍ വാതകം പുറത്തുവിടുന്നു. ഹരിതഗൃഹ വാതകമായ മീഥേന്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാണ്.

ശാസ്താംകോട്ടകായൽ- ഇന്നത്തെ അവസ്ഥ

നാളെ ഒരു കടല്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായതുപോലെ ഏഴുലക്ഷത്തില്‍ പരം ജനങ്ങളുടെ കുടിനീര്‍ സ്രോതസായ മറ്റൊരു ശുദ്ധജലതടാകം കൂടി തരിശായി മാറാന്‍ തയ്യാറെടുക്കുമ്പോഴും മാറി മാറി വന്ന ഗവണ്‍മെന്റുകളും അധികാരവര്‍ഗങ്ങളും പ്രഖ്യാപിക്കുന്ന സംരക്ഷണ പദ്ധതികള്‍ കേവലം ജലരേഖകളായി മാറുകയാണ്.