അഫ്ഘാൻ ആർമി ബേസിൽ താലിബാൻ ആക്രമണം: മരണം 140 കവിഞ്ഞു

single-img
22 April 2017

വടക്കൻ അഫ്ഘാനിസ്ഥാനിലെ മസർ ഇ ഷരിഫിലുള്ള ആർമി ആസ്ഥാനത്ത് താലിബാൻ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 140 സൈനികർ കൊല്ലപ്പെട്ടു. പട്ടാളയൂണിഫോമിട്ട് ക്യാമ്പിൽക്കടന്ന ഭീകരർ വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്കായി പള്ളിയിലായിരുന്ന സൈനികർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

മൂന്നു മിലിട്ടറി വാഹനങ്ങളിലായി എത്തിയ പത്തോളം ഭീകരർ വ്യാജരേഖകൾ കാണിച്ച് ചെക്ക്പോയിന്റുകൾ കടന്നാണൂ ക്യാമ്പിലെത്തിയത്. ആദ്യത്തെ ചെക്ക് പോയിന്റിൽ സാധാരണപോലെ കടന്ന ഇവർ രണ്ടാമത്തെ ചെക്ക് പോയിന്റ് ആക്രമിച്ചു. ഭീകരരിലൊരാൾ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ അവസരത്തിൽ ബാക്കിയുള്ളവർ ക്യാമ്പിനുള്ളിലേയ്ക്ക് കടന്നു.

പിന്നീട് അകത്തെയ്ക്കു നീങ്ങിയ ഇവർ മസ്ജിദിൽ പ്രാർത്ഥനയിലായിരുന്ന സൈനികർക്കു നേരേ വെടിയുതിർത്തു. അതിനു ശേഷം ഡൈനിംഗ് ഹോളിൽ ഭക്ഷണം കഴിക്കുകയായിരുന്ന സൈനികരേയും ആക്രമിച്ചു. ആക്രമണത്തിനിടെ രണ്ടു ഭീകരർ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയും ചെയ്തു.

തുടർന്ന് കമാൻഡൊകളെ ഇറക്കി നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നു.

ആക്രമണത്തിൽ 140 പേർ മരിക്കുകയും 160 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചനകൾ.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ മുഖം മറച്ച ചിത്രങ്ങൾ പുറത്തുവിട്ടു. പട്ടാള യൂണിഫോമിലുള്ള ചിത്രങ്ങലാണു പുറത്തുവിട്ടത്. അഞ്ഞൂറിലധികം പട്ടാളക്കാരെ കൊലപ്പെടുത്തിയതായും താലിബാൻ അവകാശപ്പെട്ടു.

ആക്രമണകാരികളിൽ നാലുപേർ നേരത്തെ ഈ പട്ടാളക്യാമ്പിൽ  സൈനികരായി സേവനമനുഷ്ടിച്ചിരുന്നവരാണെന്നും അവർക്ക് അവിടുത്തെ ഭൂമിശാസ്ത്രം നന്നായി അറിയാമായിരുന്നുവെന്നും താലിബാൻ അവകാശപ്പെട്ടു.

ബൽക്ക് പ്രവിശ്യയിലുള്ള അഫ്ഘാൻ ആർമിയുടെ  209 കോറിലാണു ആക്രമണമുണ്ടായത്. ഇവിടെ ജർമ്മൻ സൈനികരുടെ ഒരു വിഭാഗവുമുണ്ട്. എന്നാൽ ജർമ്മൻ സൈനികർക്കാർക്കും അപായമുണ്ടാ‍ായിട്ടില്ല.

ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. തീവ്രവാദത്തെ നേരിടാൻ അഫ്ഘാനിസ്ഥാനോടൊപ്പം ഇന്ത്യ ശക്തമായി നിലയുറപ്പിക്കുമെന്നു വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.