തന്റെ അധ്വാനവും വരുമാനവും സ്‌നേഹത്തോടെ പങ്കുവച്ച് സുനില്‍ ടീച്ചര്‍ അശരണര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകള്‍; ഒരു സംഘടനയുടെ പിന്‍ബലവുമില്‌ലാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ടീച്ചര്‍ക്കു നല്‍കാം കൈയടി

തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ അധ്യാപികയുടെ ലോകം കോളേജ് മുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല. ജോലി ചെയ്യുന്നതോടോപ്പം തന്നെ സമയത്തിന്റെയും വരുമാനത്തിന്റയും ഒരു വിഹിതം മറ്റുള്ളവര്‍ക്കു കൂടി മാറ്റിവെച്ചു കൊണ്ടാണ് തന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിനുകൂടി നിറം പകരാന്‍ സുനില്‍ ടീച്ചര്‍ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്. കഷ്ടപ്പാടും ദുരിതവുമനുഭവിക്കുന്നവരുടെ കൂടെ എന്തിനുമേതിനും ഇന്ന് സുനില്‍ ടീച്ചര്‍ കൂടെയുണ്ട്….

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ. വിദ്യാര്‍ഥികളടക്കം മരണമുഖത്തുനിന്നും ടീച്ചര്‍ കൈ പിടിച്ച് ജീവിതത്തിലേക്ക് നയിച്ചവര്‍ അനവധി. സഹജീവി സ്‌നേഹത്തോടൊപ്പംതന്നെ പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന സുനില്‍ ടീച്ചര്‍ ഇ-വാര്‍ത്തയോടു സംസാരിക്കുന്നു.

  • ഈ രംഗത്തേയ്ക്കുള്ള കടന്നുവരവ്?

സുനിൽ ടീച്ചർ വച്ചു നൽകിയ എഴുപതാമത് വീടിൻ്റെ താക്കോൽ ദന ചടങ്ങ്

2005ല്‍ പത്തനംതിട്ട കാത്തലിക് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായിരുന്നപ്പോഴാണ് വെറുമൊരു കോളേജ് അധ്യാപിക മാത്രം ആവേണ്ടിയിരുന്ന ഞാന്‍ ഈയൗരു രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. പ്രോഗ്രാം ഓഫീസെറെന്ന നിലയില്‍ എന്‍എസ്എസ് വിദ്യാര്‍ഥികളോടൊപ്പം ആദിവാസി മേഖലകളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ എന്നെ വരവേറ്റത് തീര്‍ത്തും വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അവിടെ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികള്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കിക്കൊണ്ടായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
അതുപോലെ ഏകദേശം ഈ സമയത്തുതന്നെയാണ് ആദ്യത്തെ വീടും നിര്‍മ്മിച്ചു നല്‍കുന്നത്. എന്റെ കോളേജിലെത്തന്നെ വിദ്യാര്‍ത്ഥിയായിരുന്ന ആശയ്ക്കു വേണ്ടി നിര്‍മ്മിച്ചതായിരുന്നു ഈ വീട്. പഠനത്തില്‍ മിടുക്കിയായിരുന്ന ആശയുടെ പ്രാരാബ്ധം സഹപാഠികളാണ് എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് നടത്തിയ സന്ദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത് പുറമ്പോക്ക് ഭൂമിയില്‍ റോഡ് സൈഡില്‍ ഒരു ഷെഡ് കെട്ടി താമസിക്കുന്ന ആശയെയും കുടുംബത്തെയുമാണ്.

ആശയുടെ കഥയറിഞ്ഞതോടെ അവളെ എങ്ങനെയെങ്കിലും സഹായിക്കണമെന്നു ഞാന്‍ ഉറപ്പിച്ചു. ഇക്കാര്യം ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. സംഭവം അറിഞ്ഞു പലരും സഹായിക്കാനായിമുന്നോട്ടു വന്നു. വീടു നിര്‍മ്മാണത്തില്‍ ജോലി ചെയ്തും മറ്റും കുട്ടികളും കൂടെയുണ്ടായിരുന്നു. അങ്ങനെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

പിന്നീടങ്ങോട്ട് പല കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ എന്നെത്തേടിയെത്തുകയായിരുന്നു. എല്ലാവര്‍ക്കും എന്നെക്കൊണ്ട് കഴിയുന്ന രീതിയിലുള്ള ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്ടു തുടങ്ങി. വീടില്ലാത്ത നിരവധിപേര്‍ സഹായം ചോദിച്ചുവരികയും പ്രയാസമനുഭവിക്കുന്ന അര്‍ഹരായവരെ അങ്ങോട്ടുപോയി കണ്ടെത്തിയും നിര്‍മ്മിച്ചത് നിരവധി വീടുകള്‍. ഇന്നിപ്പോള്‍ ഞങ്ങള്‍ വെച്ചു നല്‍കിയ 70ാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് കഴിഞ്ഞ ദിവസം നടന്നത്. കോന്നി അരുവാപുലം മിച്ചഭൂമിയില്‍ ഭര്‍ത്താവ് മരണപ്പെട്ട സുമക്കും രണ്ട് കുട്ടികള്‍ക്കുമാണ് ഈസ്റ്റര്‍ സമ്മാനമായി ഈ വീട് നല്‍കിയിരിക്കുന്നത്. അടുത്ത മുന്ന് വീടുകളുടെ പണിപ്പുരയിലാണിപ്പോള്‍. ഷീറ്റ് കൊണ്ട് മറച്ച ഒരു താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു കുടുംബത്തിന് 71ാമത് വീട് ഉടന്‍തന്നെ നല്‍കാനാകുമെന്നാണ് പ്രതീക്ഷ.

  • 12 വര്‍ഷം 70 വീടുകള്‍ ഇത്രയും വലിയൊരു പദ്ദതിക്കുള്ള സാമ്പത്തിക സ്രോതസ് എങ്ങനെ കണ്ടത്തുന്നു?

ഇതുവരെ നിര്‍മ്മിച്ച 70 വീടുകളില്‍ 2 എണ്ണം മാത്രമാണ് ഞാന്‍ സ്വന്തം പൈസ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കിയെല്ലാംതന്നെ ഈ ഉദ്യമം കേട്ടറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധരായെത്തിയ പലരുടെയും സഹായം കൊണ്ടാണ് മുന്നോട്ടു പോയിട്ടുള്ളത്. നിരവധി പ്രമുഫരും സഹായിച്ചവരില്‍ ഉള്‍പ്പെടുന്നു. സഭയിലെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത രണ്ടു വീടുകള്‍ക്കുള്ള ധനസഹായവും നല്‍കിയാണ് മടങ്ങിയത്. അതുപോലെ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി ജെ കുര്യന്‍, സംവിധായകന്‍ ജൂഡ് ആന്തണി, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത എന്നിവരൊക്കെ മനസ്സറിഞ്ഞു സഹായിച്ചവരാണ്.

അതുപോലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരുപാടുപേര്‍ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. സ്വന്തം വീടു നിര്‍മ്മാണത്തോടൊപ്പം മറ്റൊരു കുടുംബത്തിനു കൂടി വീടു നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹമുള്ളവരും എന്നെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പേരുടെ കൂട്ടായ്മയിലൂടെയാണ് ഇത് വിജയിച്ചുവന്നത്.

വച്ചു നൽകിയ വീടുകളിലൊന്നിൽ

തനിക്ക് ചുറ്റുമുള്ള അവശതയനുഭിക്കുന്നവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ഇതെല്ലാം ഞാന്‍ മുന്‍കൈ എടുത്ത് നടത്തുന്നുവെന്നേയുള്ളൂ. മറ്റുള്ളവരുടെ വിഷമങ്ങള്‍ തന്റേതായി കാണുന്ന സുമനസുക്കളായ ഒരുപാടുപേരുടെ സഹായസഹകരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അതുകൊണ്ട് ഒരു കാര്യം ഞാന്‍ വ്യക്തമായി പറയാം, ഇതൊന്നുംതന്നെ എന്റെ വ്യക്തിപരമായ ഒരു നേട്ടമായി ഉയര്‍ത്തിക്കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  • പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടു വെച്ചു നല്‍കുമോ? അര്‍ഹരായവരെ കണ്ടത്തുന്നതെങ്ങനെ?

വീടു നിര്‍മ്മിച്ചു കൊടുക്കുന്നതില്‍ ഞങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനു തന്നെയാണ്.പെണ്‍മക്കളെയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നു.

വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരിന്റെ തന്നെ നിരവധി പദ്ധതികളുണ്ടിപ്പോള്‍. പക്ഷേ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍ ഇത്തരത്തിലുള്ള സഹായത്തിന് അര്‍ഹരല്ല. ഇങ്ങനെയുള്ളവരെയും കൂടുതല്‍ ഉള്‍പ്പെടുത്തുന്നു. അതുപോലെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് വീടെന്നു പോലും പറയാന്‍ കഴിയാത്ത രീതിയില്‍ പൊട്ടെപ്പാളിഞ്ഞ ഷെഡുകളില്‍ താമസിക്കുന്നവരുണ്ട്.

വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ

ഇതുപോലെ സ്വയം വരുമാനമില്ലാത്തവരേയും രോഗംമൂലം അവശത അനുഭവിക്കുന്നവരെയും അന്വേഷണങ്ങളിലൂടെ കണ്ടെത്തും. ഇപ്പോള്‍ അപേക്ഷകളുമായി പലരും എത്തുന്നുണ്ട്. അവരില്‍നിന്നും അപേക്ഷ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയിലൂടെ അര്‍ഹരായവരെ കണ്ടെത്തുന്നു. ഇവരുടെയെല്ലാം ഏറ്റവും വലിയ സ്വപ്‌നം എന്നത് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്നതാണ്. ഇത് സാക്ഷാത്കരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

പക്ഷേ ഇതിനിടയില്‍ വേറൊരു കൂട്ടരുണ്ട്. തങ്ങള്‍ക്ക് വീടുവച്ചു നല്‍കേണ്ട, അതിനുള്ള പണം നല്‍കിയാല്‍ മതി എന്നു പറയുന്നവര്‍. അതിനു കഴിയില്ലെന്നു പറഞ്ഞു മനസിലാക്കി ഇത്തരത്തിലുള്ളവരെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. കാരണം എനിക്കിപ്പോള്‍ വീടുവെക്കാനായി ഏകദേശം രണ്ടര ലക്ഷം രൂപയാണ് ചിലവുവരുന്നത്. പക്ഷേ പണം ചോദിക്കുന്നവര്‍ക്ക് ആ തുകൊണ്ട് വീടിന്റെ പകുതി പണിപോലും ് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. മാത്രമല്ല പലരും ഈ പണം ശരിയായി വിനിയോഗിക്കണമെന്നുമില്ല. ഈ പണമൊന്നും എന്റെ സ്വന്തമല്ല. അതുകൊണ്ട്തന്നെ എന്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട് വീടു നിര്‍മ്മാണത്തിനായി എന്നെ വിശ്വസിച്ച് സഹായമേല്‍പ്പിക്കുന്നവരോട് നീതി പുലര്‍ത്തേണ്ടുന്ന ബാധ്യത എനിക്കുണ്ട്.

  • എന്തൊക്കെയാണ് മറ്റു പ്രവര്‍ത്തനങ്ങള്‍?

വീടു നിമ്മാണത്തോടൊപ്പംതന്നെ എന്നാല്‍ കഴിയുന്ന രീതിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ മേല്‍നോട്ടം വഹിക്കുന്നു. പഠിക്കാന്‍ കഴിവുണ്ടായിട്ടും അതിനൊത്ത സാഹചര്യമില്ലാത്തുകൊണ്ടുമാത്രം വിദ്യാഭ്യാസം തുടരാനാന്‍ കഴിയാത്ത മിടുക്കരായ എത്രയോ കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ഇത്തരത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള നിരവധി സഹായങ്ങള്‍ ചെയ്തുവരുന്നു. ‘വിദ്യാജ്യോതി’ എന്ന പദ്ധതിയിലൂടെ അച്ഛനും അമ്മയും നഷ്ടപ്പെട്ട 18 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുന്നുണ്ട്. മാത്രമല്ല എല്ലാ വര്‍ഷവും സ്‌കൂള്‍ അധികൃതര്‍തന്നെ തിരഞ്ഞെടുക്കുന്ന 8 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരത്തോളം കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാമഗ്രികളടങ്ങിയ സ്‌കൂള്‍ കിറ്റുകളും വിതരണം ചെയ്തുവരുന്നു. അതുപോലെ ‘കെ.വി ജോര്‍ജ്ജ് ഫാമിലി ഫൗണ്ടേഷ’ന്റെ സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി 5,000 രൂപ സ്‌കോളര്‍ഷിപ്പു നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലും നിരവധി സേവനങ്ങള്‍ നടത്തി വരുന്നു. 12 വര്‍ഷം കൊണ്ട് നിരവധി വിഭാഗങ്ങളിലായി എണ്ണമില്ലാത്ത മെഡിക്കല്‍ ക്യാമ്പുകളും രക്തദാന ക്യാമ്പുകളുമാണ് നടത്തിയിട്ടുള്ളത്. രക്തദാനത്തെക്കുറിച്ചും അവയവദാനത്തെക്കുറിച്ചും ക്ലാസുകളിലൂടെയും മറ്റും നിരന്തരമായി അവബോധം നടത്തിവരുന്നു. മരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് അവ സൗജന്യമായി എത്തിച്ചുകൊടുക്കല്‍,ആശുപത്രിയിലെ ഭീമമായ ചികില്‍സാ ചിലവ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കുള്ള സഹായം, വീടുകളില്‍ ചെന്നുള്ള സ്വാന്തന പരിചരണം തുടങ്ങിയവ ചെയ്തുവരുന്നു. വീടുകളില്‍ രോഗം മൂലം തകര്‍ന്നു കിടക്കുന്നവര്‍ക്കായി 276 വീല്‍ചെയറുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവതികളുള്ള 20 കുടുംബങ്ങള്‍ക്കു പത്തനംതിട്ട മെട്രോ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പെണ്ണാടുകളെ നല്‍കുന്ന ‘ആട്ജീവനം’ പദ്ധതിയും നടന്നുകഴിഞ്ഞു. ഇവ പ്രസവിക്കുമ്പോള്‍ ഒരുപെണ്‍ ആട്ടിന്‍കുട്ടിയെ തിരികെ തരണം എന്ന വ്യവസ്ഥയിലാണ് ആടുകളെ നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന ആട്ടിന്‍കുട്ടികളെ മറ്റാെരു കുടുംബത്തിനു കൈമാറുകയാണ് ചെയ്യുക.

ഓണം,വിഷു തുടങ്ങിയ ആഘാഷങ്ങളൊന്നും തന്നെ ഞാന്‍ വീട്ടില്‍ ആഘാഷിക്കാറില്ല. ആ തുക കൂടി അവശതയനുഭവിക്കുന്നര്‍ക്ക് എത്തിച്ചുനല്‍കി അവരുടെ സന്തോഷത്തില്‍ പങ്കു ചേരുകയാണ് പതിവ്. ഓണംക്രിസ്മസിനോടനുബന്ധിച്ച് ‘കരുതല്‍’ എന്ന പദ്ധതിയിലൂടെ വര്‍ഷത്തില്‍ 50 കുടുംബങ്ങള്‍ക്കു പലവ്യഞ്ജന പച്ചക്കറി കിറ്റുകള്‍ നല്‍കിവരുന്നു. അതോടോപ്പം പ്രായത്താലും രോഗത്താലും അവശതയനുഭവിക്കുന്നവരുള്ള 30 വീടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നേരിട്ടെത്തിക്കുന്ന ‘നന്മ വിരുന്ന്’ പദ്ധതിയും നടത്തി വരുന്നു.

പത്തനംതിട്ട സബ് ജയിലില്‍ ഉള്‍പ്പെടെ രണ്ട് ഡസനോളം ലൈബ്രറികള്‍ സ്ഥാപിച്ചു നല്‍കി. പത്തനാപുരം ഗാന്ധിഭവന്റെ സഹായത്തോടെ തെരുവില്‍ അലയുന്നവരെ സുരക്ഷിത ഇടങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. പരിസ്ഥി മലിനീകരണത്തിനും പ്ലാസ്ററിക് ഉപയോഗത്തിനുമെതിരെ ശബരിമല ക്ലീനിങ് അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.