പണം അടച്ചാല്‍ മാത്രം റോഡു വെട്ടിപ്പൊളിക്കാന്‍ അനുമതി; റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ കര്‍ശനനിയന്ത്രണവുമായി എറണാകുളം ജില്ലാ കളക്ടര്‍

single-img
21 April 2017

എറണാകുളം: റോഡ് വെട്ടിപ്പൊളിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദം ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി മാത്രം നല്‍കിയാല്‍ മതിയെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് പ്രത്യേതസമിതിയും രൂപീകരിക്കുകയുണ്ടായി.

ഇനി മുതല്‍ പണമടക്കുന്നവര്‍ക്ക് മാത്രമേ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുളളൂ. വര്‍ക്ക് തുടങ്ങുന്നതിന് മുമ്പ് പൊതുമരാമത്ത് റോഡ് വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിച്ചിരിക്കണം. നിര്‍ദ്ദേശിച്ച പണികള്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ രാത്രി ചെയ്യുകയും വേണം.

കുഴിയെടുക്കുന്ന ഭാഗത്ത് താല്‍ക്കാലികമായി മണ്ണിട്ടു മൂടിയശേഷം സിമന്റോ ടാറോ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചിരിക്കണം. റോഡ് വെട്ടിപ്പൊളിച്ച് ജോലി ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാകാത്ത രീതിയില്‍ നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ക്കുകയും വേണം. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരു ഭാഗം പൂര്‍ത്തിയായതിന് ശേഷമേ മറുഭാഗത്ത് പണി തുടങ്ങാവൂ.

പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അത്യാവശ്യസ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമായി കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും കൂടാതെ റിലയന്‍സ് തുടങ്ങിയ സ്വകാര്യ കമ്പനികളും റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു.