യാദവ സമുദായത്തിലെ ദമ്പതികളുടെ ഊരുവിലക്കിയ സംഭവം; നേതൃത്വം നല്‍കിയ ബ്രാഞ്ച് അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സിപിഐഎം പുറത്താക്കി

single-img
21 April 2017

വയനാട്: പ്രണയിച്ചു വിവാഹിതരായ യാദവ സമുദായത്തിലെ ദമ്പതികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച സംഭവത്തിനെ തുടര്‍ന്ന് യാദവ സമിതി നേതാവും സിപിഎം എരുമത്തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അഡ്വ. മണിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കി. ഭ്രഷ്ട് പിന്‍വലിക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.

2012 ലാണ് യാദവ സമുദായാംഗങ്ങളായ അരുണും സുകന്യയും രജിസ്റ്റര്‍ വിഹാഹം നടത്തിയത്. ഒരേ സമുദായത്തിലെ അംഗങ്ങളായിരുന്നിട്ടു കൂടി വിവാഹം ആചാര വിധിപ്രകാരം നടത്താതെ രജിസ്റ്റര്‍ ചെയ്തതിന്റെ പേരിലാണ് നാലര വര്‍ഷമായി സ്വസമുദായം ഇവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

സമുദായത്തിലെ വിവാഹമരണാനന്തര ചടങ്ങുകളിലൊന്നും തന്നെ ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ അടുത്ത് ഇരുന്നതിന്റെ പേരില്‍ സുകന്യയുടെ കുടുംബത്തിന് മൂന്ന് മാസത്തേക്ക് വിലക്ക് കല്‍പ്പിച്ചിരുന്നു. ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും വിശേഷിപ്പിച്ച് സമുദായം ലഘുലേഖയും പുറത്തിറക്കിയിരുന്നു. നാലു വര്‍ഷങ്ങളായി സ്വന്തം മാതാപിതാക്കളോട് പോലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികള്‍.