മുഖ്യമന്ത്രിക്കു മറുപടി പറയുന്നില്ല; കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകും: കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

single-img
21 April 2017

മുന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമാണെന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് ശക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.

ഭൂമി കൈയേറി സ്ഥാപിച്ച കുരിശു നീക്കം ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലാണോ ഈ നടപടിക്കു പിന്നിലെന്നും പിണറായി ചോദിച്ചു. തുടര്‍ന്നു ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പി്‌നനാലെയാണ് റവന്യൂ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ഇതിനിടെ ഇടുക്കി കളക്ടറേയും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനേയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ പട്ടയ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.