ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശവാദം: ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

single-img
21 April 2017

ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലംപട്ടിയിലുള്ള കതിരേശന്‍ മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

ധനൂഷ് മാസംതോറും 65,000 രൂപ ചിലവിനു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. ധനുഷ് മകനാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തങ്ങള്‍ തയ്യാറെണന്നും ഇവര്‍ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് കോടതിയില്‍ ഹാജരായിരുന്നു. മധുര മെഡിക്കല്‍ കോളേജിലെ ഡീന്‍ ഉള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരാണ് അടയാള പരിശോധന നടത്തിയത്. അതേ സമയം ഇവരുടെ പരാതി വ്യാജമാണെന്നും പണം തട്ടലാണു ദമ്പതികളുടെ ഉദ്ദേശ്യമെന്നുമാണ് ധനുഷിന്റെ പ്രതികരണം.