മദ്യത്തേക്കാള്‍ ഭീകരമാണ് മറ്റുള്ളവ: വ്യജമദ്യവും കഞ്ചാവും മയക്കുമരുന്നും പിടികൂടിയ നാടിനെ മോചിപ്പിക്കാന്‍ പൂട്ടിയ മദ്യശാല തുറക്കാന്‍ സമരം നടത്തി ഒരു നാട്

single-img
21 April 2017

കണ്ണൂര്‍: എല്ലാവരും നിലവിലുള്ള മദ്യശാലകള്‍ എങ്ങനെയെങ്കിലും പൂട്ടിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ മദ്യശാല വേണമെന്ന ആവശ്യവുമായി സമരം നടത്തുകയാണ് ചന്ദനക്കാംപാറ നിവാസികള്‍. മലയോരത്തെ ബവ്‌റീജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടിയതോടെ വ്യാജവാറ്റും ലഹരിയുല്‍പന്നങ്ങളും വ്യാപകമായതോടെയാണ് നാട്ടുകാര്‍ക്ക് ഇങ്ങെയൊരാവശ്യം ഉന്നയിക്കേണ്ടി വന്നത്.

ഉള്ളിക്കല്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലായി രണ്ട് മദ്യശാലകളായിരുന്നു മലയോര മേഖലയായ ഇവിടെ ഉണ്ടായിരുന്നത്. മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഉളിക്കല്ലിലെ മദ്യശാല കഴിഞ്ഞ വര്‍ഷം പൂട്ടി. സുപ്രീംകോടതി വിധിയോടെ ശ്രീകണ്ഠാപുരത്തെ ഔട്ട്‌ലെറ്റും പൂട്ടിയതോടെ മലയോരത്തെ മദ്യപന്മാര്‍ ശരിക്കും പെരുവഴിയിലായി. തുടര്‍ന്ന് വ്യാജവാറ്റും മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മദ്യക്കടത്തും വ്യാപകമായതോടെയാണ് മദ്യശാല തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സമരത്തിനെത്തിയത്.

40 കി.മീ സഞ്ചരിച്ചു വേണം തൊട്ടടുത്ത ബവ്‌റിജസ് ഷോപ്പില്‍ എത്താന്‍. പലരും ജോലിക്ക് പോലും പോകാതെയാണ് മദ്യം വാങ്ങാനായി ഇത്രയും ദൂരം പോവുന്നത്.ഇതോടെ പ്രദേശത്തെ കുടുംബ ബജറ്റും താളം തെറ്റാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ മദ്യശാല തുറക്കമണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് മെമ്പറുമെത്തിയതോടെ സമരത്തിന്റെ ആവേശം വര്‍ദ്ധിച്ചു.പരമാവധിആളുകളുടെ ഒപ്പുശേഖരിച്ച് സര്‍ക്കാരിലേക്ക് അയക്കാനാണ് സമരക്കാരുടെ ആലോചന.