ബീഫില്‍ മണ്ണുവാരിയിടുന്നവരോട്: നിങ്ങള്‍ പശുവിനെ അമ്മയാക്കിക്കൊള്ളു, പക്ഷേ ഞങ്ങളുടെ അമ്മയെ ഞങ്ങള്‍ക്കറിയാം

single-img
21 April 2017

ഷാബു തോമസ്

ഭരണഘടന അനുശാസിക്കുന്ന എന്തും ഭക്ഷിക്കുവാനുള്ള അവകാശമുള്ള ഇന്ത്യ പോലൊരു മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ എന്റെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് എന്റെ അയല്‍ക്കാരനും ഭക്ഷിക്കണം എന്ന് ഞാന്‍ വാശി പിടിച്ചാല്‍ ആ വാശിയ്ക്ക് പറയുന്ന പേരാണ് ഫാസിസം. ഞാനെന്ത് കഴിക്കണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. എന്റെ സ്വന്തം മതവിശ്വാസങ്ങള്‍ക്കുപോലും എന്റെ ഭക്ഷണസ്വാന്തന്ത്ര്യത്തില്‍ കൈകടത്താനുള്ള അവകാശമില്ലെന്നിരിക്കെ മറ്റ് മതവിശ്വാസങ്ങള്‍ക്കെങ്ങനെ ഞാനെന്ത് കഴിക്കണം എന്ന് തീരുമാനിക്കാന്‍ കഴിയും എന്നുള്ളതാണ് ഉയരുന്ന ചോദ്യവും.

ഇസ്ലാം മതവിശ്വാസികള്‍ക്ക് ഹറാമാണ് പന്നിയിറച്ചി. എന്നാല്‍ ബഹറിന്‍ പോലുള്ള അറബ് രാജ്യങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുവാനും വാങ്ങാനും കഴിക്കുവാനുള്ള സ്വാതന്ത്ര്യം അന്യമതസ്ഥര്‍ക്കുണ്ട്. പന്നിയിറച്ചി കഴിക്കുന്ന ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ അവര്‍ തെരഞ്ഞുപിടിച്ച് തല്ലുകയോ കൊല്ലുകയോ ചെയ്യുന്നില്ല. കാരണം, ‘എന്റെ വിശ്വാസം എനിയ്ക്കും, നിന്റെ വിശ്വാസം നിനക്കും’ എന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. അതിനുമപ്പുറം കേരളത്തില്‍ ഹലാല്‍ അല്ലാത്ത കോഴിയെയോ ആടിനെയോ തിന്നതിന്റെ പേരില്‍ ഇന്നുവരെ, ഒരു ഹിന്ദുവും ക്രിസ്ത്യാനിയും ആക്രമിക്കപ്പെട്ടിട്ടില്ലഎന്നുളളളതും കൂട്ടിവായിക്കണം.

അപ്പോള്‍, ന്യായമായ ഒരു എതിര്‍വാദം ഉയര്‍ന്നുവരും- ‘പന്നിയ്ക്ക് വൃത്തിയില്ലാത്ത കാരണത്താലാണ് ഇസ്ലാമിന് അത് ഹറാമായത്. പക്ഷെ, പശു ഹിന്ദുമതവിശ്വാസികള്‍ക്ക് അമ്മയാണ്. അതിനാലാണ് ഗോവധം പാപമായത്.’ അതാണ് വാദമെങ്കില്‍ അതിനു പിറകേ ചില ചോദ്യങ്ങള്‍ കൂടി സാധാരണക്കാരുടേതായി ഉണ്ടാകും: പശു എന്ന അമ്മയില്‍ നിന്നു സ്വന്തം മക്കളായ പശുക്കുട്ടികള്‍ക്ക് അവകാശപ്പെട്ട പാല് കറന്നെടുത്ത്, അത് വിറ്റ് കാശുണ്ടാക്കുന്നത് പുണ്യപ്രവൃത്തിയാണോ എന്നുള്ളതാണ് അതിലൊന്ന്.

ഗുജറാത്തിലും രാജസ്ഥാനിലുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കറവ വറ്റിയ പശുക്കളെ എന്താണ് ചെയ്യുന്നതെന്നറിയാനും സാധാരണക്കാര്‍ക്ക് ജിജ്ഞാസയുണ്ട്. അവിടെയെങ്ങും കറവമുറ്റിയ പശുക്കള്‍ക്കായുള്ള വൃദ്ധസദനങ്ങള്‍ നിലവിലുള്ളതായി അറിവില്ല. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ഗോവധനിരോധനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ബീഫ് കയറ്റുമതി നിരോധിക്കാത്തത്?

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മറ്റുള്ളവന്റെ ദേഹത്ത് കൈവയ്ക്കുവാനോ അവരെ വാക്കുകള്‍ കൊണ്ടു ആക്രമിക്കാനോ ഗോമാതാവിശ്വാസികള്‍ക്ക് അവകാശമില്ല.
ബീഫ് കഴിക്കുന്നവരെ തല്ലാന്‍ നടക്കുന്നവരുടെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ ഉള്ള ഒരാളെങ്കിലും വിദേശരാജ്യത്തുണ്ടാവും. ബീഫ് കഴിക്കുന്നവന്റെ കീഴില്‍ കീഴില്‍ അവന്‍ തരുന്ന ശമ്പളവും പറ്റിക്കൊണ്ട് ആ വ്യക്തി പണിയെടുക്കുകയും ചെയ്യുന്നുണ്ടാകും. ബീഫ് തിന്നുന്നവന്‍ തരുന്ന ശമ്പളം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോരാന്‍ ഗോമാതാ വിശ്വാസികള്‍ അവരോടു പറയുകയല്ലേ ആദ്യം വേണ്ട്ത്? അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയ ശേഷം നാട്ടുകാരുടെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട് അവരെ തല്ലിക്കൊല്ലാനിറങ്ങാം.

ദിവസവും രണ്ടുനേരം പാലുതരുന്ന പശുവിനെ സാമാന്യബുദ്ധിയുള്ള ഒരു മലയാളി കർഷകനും കശാപ്പ് ചെയ്യുകയില്ല. എന്നാല്‍ ഇനിയൊരിക്കലും പ്രസവിക്കുകയോ പാലുതരികയോ ചെയ്യില്ലെന്നുഡോക്ടര്‍ വിധിയെഴുതിയ പശുവിനെ ഇറച്ചിയാക്കി വില്‍ക്കാന്‍ പാടില്ലെന്നും പ്രാരാബ്ധക്കാരനായ കൃഷിക്കാരന്‍ അതിനു തീറ്റി കൊടുത്ത് മുടിയണമെന്നു പറയുന്നതും എന്തു നീതിയുടെ അടിസ്ഥാനത്തിലാണ്?

‘നിന്റെ മാതാവ് വയസ്സാകുമ്പോള്‍ നീ കൊന്നുതിന്നുമോ’ എന്നുള്ള മൂന്നാംകിട ചോദ്യങ്ങളുമായി ചിലര്‍ വരും. ചോദ്യം ചോദിക്കുന്നയാളേയോ ചോദ്യം കേള്‍ക്കുന്ന വ്യക്തിയേയോ പ്രസവിച്ചത് പശുവായിരുന്നെങ്കില്‍ ആ ചോദ്യത്തിനു പ്രസ്‌ക്തിയുണ്ട്. എന്നാല്‍ ചോരയും നീരുമുളള, സ്‌നേഹിച്ചും ശാസിച്ചും വളര്‍ത്താന്‍ കെല്‍പ്പുള്ള ഒരു മനുഷ്യസ്ത്രീയെ മൃഗവുമായി താരതമ്യപ്പെടുത്താന്‍ നോക്കുന്ന ചോദ്യകര്‍ത്താവിന്റെ മനസ്സു കണ്ടു സഹതപിക്കുകയല്ലാതെ ഇവിടെ മറ്റൊന്നും ചെയ്യാനില്ല എന്നുള്ളതാണ് സത്യം.

മനുഷ്യന്റെ ഭക്ഷണസ്വാതന്ത്യം തടഞ്ഞുകൊണ്ട്, വടക്കേയിന്ത്യയില്‍ കാണിക്കുന്ന തോന്നിയവാസങ്ങള്‍ കേരളത്തിലേക്കും കടന്നുവരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുകയാണ്. നല്ലഭക്ഷണങ്ങളെ വെറുക്കയും മറ്റുള്ളവരെ വെറുപ്പിക്കുകയും ചെയ്യുന്ന ഈ നീക്കങ്ങള്‍ ഭരണകൂടം ഇടപെട്ടുതന്നെ തിരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ചങ്കൂറ്റമാണ് പ്രധാനം. അതൊന്നില്ലെങ്കില്‍ എത്ര ചുങ്കുണ്ടായിട്ടും കാര്യമില്ല. ഭരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഫാസിസത്തിന്റെ വക്താക്കളാകുന്ന മാറ്റം കണ്ടുകൊണ്ട് ജനാധിപത്യത്തിന്റെ സംഭവനയെന്നു പറയുന്ന തെരഞ്ഞെടുപ്പും നോക്കി ജനങ്ങള്‍ക്കിരിക്കേണ്ടി വരും.