കൈയേറ്റ ഭൂമിയിലെ കുരിശിനു വേണ്ടി വിലപിച്ച് സംസ്ഥാന എംഎല്‍എ; മൂന്നാറിലെ കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേദന സമ്മാനിക്കുമെന്നു എസ് രാജേന്ദ്രന്‍

single-img
20 April 2017

മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തെമ്മാടിത്തരമാണെന്നു സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്നും 100 പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ നടപടിക്കെതിരെ രംഗത്തെത്തി. പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണ്. പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നുവെന്നും പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുളള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസമാണ് മുന്നിലുളളത്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല.  സര്‍ക്കാരിന്റെ ഭാഗമായുളളവര്‍ ഇതിന് പോകാന്‍ പാടില്ല. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്നും അല്ലാതെ മറ്റുളളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. അതില്‍ ഒരു പുകമറയും സ്വീകരിക്കേണ്ടതില്ല. സിനിമ പോലുളള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കുന്നത് സിപിഐഎം നിലപാടാണെന്നും അതേസമയം അതെല്ലാം നീതിബോധത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. 144 പ്രഖ്യാപിക്കാന്‍ മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.