നിങ്ങൾക്കു യാതൊരു ഉത്തരവാദിത്തബോധവുമില്ല: ശ്രീ ശ്രീ രവിശങ്കറിനു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശകാരം

single-img
20 April 2017

ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനു ദേശീയ ഹരിതട്രിബ്യൂണലിന്റെ ശകാരം. ട്രിബ്യൂണൽ പക്ഷപാതപരമായി പെരുമാറുന്നുവെന്ന രവിശങ്കറിന്റെ പ്രസ്താവനയാണു ശകാരത്തിനു കാരണം. യമുനാതീരത്ത് രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം സംഘടിപ്പിച്ച സാംസ്കാരികപരിപാടി വരുത്തിവെച്ച പരിസ്ഥിതിനാശത്തിനു ദേശീയ ഹരിതട്രിബ്യൂണൽ രവിശങ്കറിനുമേൽ പിഴചുമത്തിയിരുന്നു. എന്നാൽ പിഴയടക്കാൻ തയ്യാറാകാതെ ട്രിബ്യൂണലിനെ വിമർശിച്ച രവിശങ്കറിന്റെ നടപടിയാണു പ്രകോപനമായത്.

“നിങ്ങൾക്ക് യാതൊരു ഉത്തരവാദിത്തബോധവുമില്ല. എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്?” ട്രിബ്യൂണൽ ചോദിച്ചു.

ആർട്ട് ഓഫ് ലിവിംഗിനു പിഴചുമത്തിയ ഹരിത ട്രിബ്യൂണലിന്റെ നടപടിയിൽ ഗൂഢാലോചനയുണ്ടെന്നാണു അവർ പ്രസ്താവനയിലൂടെ ആരോപിച്ചത്. ഇക്കാര്യം കേസിന്റെ ഹിയറിംഗിനിടെ പരാതിക്കാരൻ സൂചിപ്പിച്ചപോഴായിരുന്നു ട്രിബ്യൂണലിന്റെ പ്രതികരണം. ഈ പ്രസ്താവനയുടെ രേഖകൾ ഹാജരാക്കാൻ പരാതിക്കാരനോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടു. പ്രസ്താവനയിന്മേൽ നിയമനടപടിയുണ്ടാകുമെന്നും ട്രിബ്യൂണൽ പറഞ്ഞു.

മേയ് ഒൻപതിനാണു കേസിന്റെ അടുത്ത ഹിയറിംഗ്.