ഇതൊരു തുടക്കം മാത്രം; ആത്മീയത മറയാക്കി മൂന്നാറിലെ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നിലം പൊത്തി; ദൗത്യസംഘത്തിന്റെ മുന്നേറ്റത്തിൽ ‘ആത്മീയ കൈയേറ്റക്കാര്‍’ക്ക് നെഞ്ചിടി തുടങ്ങി

single-img
20 April 2017

മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിതയില്‍ പുരോഗമിക്കുന്നു. റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് ദൗത്യസംഘത്തിന്റെ രാവിലെ മുതലുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍ നിലംപൊത്തി. ആത്മീയ വിനോദ സഞ്ചാരത്തിന്റെ പേരില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം നടന്നത്.

ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘമാണ് ഇന്നു രാവിലെ നടപടികള്‍ ആരംഭിച്ചത്. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പുറപ്പെട്ട സംഘത്തെ തടയാന്‍ വഴിയില്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

സഞ്ചാരത്തിന് മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിക്കൊണ്ടണ് സംഘം മുന്നോട്ടു പോകുന്നത്. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ഭൂമി ഒഴിപ്പിക്കലിനെതിരെ സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തെമ്മാടിത്തരമാണെന്നു സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്നും 100 പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ നടപടിക്കെതിരെ രംഗത്തെത്തി. പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണ്. പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നുവെന്നും പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുളള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസമാണ് മുന്നിലുളളത്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ ഭാഗമായുളളവര്‍ ഇതിന് പോകാന്‍ പാടില്ല. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.